കൊച്ചി: മലയാള സിനിമാ പ്രേമികൾ കാത്തിരുന്ന ഉണ്ണിമുകുന്ദൻ ചിത്രം മാളികപ്പുറം തീയേറ്ററുകളിൽ എത്തിക്കഴിഞ്ഞു. ആരാധകരുടെ പ്രതീക്ഷകൾക്കൊപ്പം ഉയരാൻ ചിത്രത്തിന് കഴിഞ്ഞുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ബാലതാരങ്ങളായി അഭിനയിച്ച രണ്ട് കുട്ടികളുടെ പ്രകടനവും പ്രധാന കഥാപാത്രമായെത്തുന്ന ഉണ്ണിമുകുന്ദന്റെ അഭിനയവുമാണ് പ്രേക്ഷകർ എടുത്ത് പറയുന്നത്. നടന്റെ അഭിനയ ജീവിതം മാളികപ്പുറത്തിന് മുമ്പും പിമ്പും എന്ന് കാലം പറയുമെന്നാണ് പ്രശാന്ത് ശിവന്റെ വാക്കുകൾ. യുവമോർച്ചയുടെ പാലക്കാട് ജില്ലാ അദ്ധ്യക്ഷനാണ് പ്രശാന്ത് ശിവൻ.
ഒന്നുറപ്പിച്ച് പറയാം.. ഉണ്ണിമുകുന്ദന്റെ കരിയർ മാളികപ്പുറത്തിന് മുമ്പും പിമ്പും എന്ന് കാലം പറയും. കന്നഡ സിനിമാ മേഖല ഇന്ത്യൻ സിനിമയ്‌ക്ക് സമ്മാനിച്ച സ്പിരിച്ച്വൽ ഇമോഷണൽ എന്റർടെയ്‌നർ ആയിരുന്നു കാന്താര എന്ന ചിത്രമെങ്കിൽ കേരളത്തിൽ നിന്നുള്ള കാന്താര എന്ന ടൈറ്റിൽ മാളികപ്പുറം കൊണ്ടുപോകുമെന്ന് തീർച്ചയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രം എട്ട് വയസുകാരി കല്യാണിയുടെ ഭക്തിയുടെ കഥ പറയുന്നതിനോടൊപ്പം ത്രില്ലടിപ്പിക്കുന്ന ഒരു എന്റർടെയ്‌നർ കൂടിയാണെന്നാണ് സിനിമ കണ്ടവരുടെ പ്രതികരണം. ടൈറ്റിൽ കഥാപാത്രമായ മാളികപ്പുറത്തെ അവതരിപ്പിച്ചിരിക്കുന്നത് ബാലതാരമായ ദേവനന്ദയാണ്. കൂട്ടുകാരനായി എത്തുന്ന ശ്രീപഥും ഗംഭീര പ്രകടനം കാഴ്ചവെച്ചുവെന്നാണ് റിവ്യൂകൾ സൂചിപ്പിക്കുന്നത്. സിനിമ കണ്ട് പ്രതികരണം അറിയിച്ച എല്ലാവർക്കും നന്ദിയുണ്ടെന്ന് വ്യക്തമാക്കി നടൻ ഉണ്ണിമുകുന്ദനും ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
Comments