ബീജിംഗ്: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചൈനയിൽ നിന്നും എത്തുന്നവർക്ക് പരിശോധന കർശനമാക്കി യൂറോപ്യൻ രാജ്യങ്ങൾ. രണ്ട് ദിവസം മുൻപത്തെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമേ ചൈനയിൽ നിന്നും നേരിട്ട് രാജ്യത്ത് ഇറങ്ങാൻ അനുമതി നൽകൂവെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി. ജനുവരി 5 മുതൽ ഈ നിബന്ധന പ്രാബല്യത്തിൽ വരും.
ചൈനയിൽ നിന്നും വരുന്ന യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ചൈനയിൽ നിന്നും വരുന്നവർക്ക് സ്പെയ്നും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.
നേരത്തേ, ചൈന ഉൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് ഇന്ത്യ ആർടി-പിസിആർ ടെസ്റ്റ് നിർബന്ധമാക്കിയിരുന്നു. കൊവിഡ് വ്യാപനം ഭീഷണി ഉയർത്താതിരിക്കാൻ സാദ്ധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുകയാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു.
ചൈനയിൽ നിന്നും വരുന്നവർക്ക് ജപ്പാനും കൊവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. നവംബർ മുതലാണ് ചൈനയിൽ കൊറോണ വ്യാപനം അതിരൂക്ഷമായത്. ചൈനീസ് സർക്കാർ രോഗബാധയുടെ കൃത്യമായ കണക്കുകൾ പുറത്തു വിടുന്നില്ല എന്ന വിമർശനവും ശക്തമാണ്. ലോകാരോഗ്യ സംഘടനയും ഇക്കാര്യത്തിൽ ആശങ്ക അറിയിച്ചിരുന്നു.
Comments