ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗറിയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. വീടുകളിലേക്ക് കടന്നു കയറിയ ഭീകരർ നിരായുധരായ ജനങ്ങൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം.
പുതുവത്സര ദിനത്തിൽ വൈകീട്ട് ഏഴ് മണിയോടെയാണ് കാട്ടിനുള്ളിൽ നിന്നും ആയുധധാരികളായ ഭീകരർ ഹിന്ദുക്കൾ താമസിക്കുന്ന മൂന്ന് വീടുകളിലേക്ക് കടന്നു കയറിയത്. വീടിനുള്ളിൽ ഉണ്ടായിരുന്നവർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആധാർ കാർഡ് പരിശോധിച്ച് ഹിന്ദുക്കൾ എന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു ഇസ്ലാമിക ഭീകരരുടെ കൊടും ക്രൂരത.
വെടിവെപ്പ് 10 മിനിറ്റ് നീണ്ടു നിന്നു. ആദ്യം അപ്പർ ദാംഗ്രിയിലെ ഒരു വീട്ടിലാണ് ഭീകരർ ആക്രമണം നടത്തിയത്. തുടർന്ന് 25 മീറ്റർ അപ്പുറത്തേക്ക് നീങ്ങിയ ഭീകരർ അടുത്ത ആക്രമണം നടത്തി. പിന്നീട് പിന്മാറുന്നതിനിടെ മൂന്നാമത്തെ വീട്ടിലും ആക്രമണം നടത്തി.
പത്ത് പേർക്കാണ് വെടിയേറ്റത്. അതിൽ മൂന്ന് പേരും ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ മരിച്ചിരുന്നു. ഒരാൾ ചികിത്സയ്ക്കിടെയും മരണത്തിന് കീഴടങ്ങി. സതീഷ് കുമാർ (45), ദീപക് കുമാർ (23), പ്രീതം ലാൽ (57), ശിശുപാൽ (32) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഭീകരർക്കായി സൈന്യം ശക്തമായ തിരച്ചിൽ ആരംഭിച്ചു. ജമ്മു കശ്മീർ പോലീസും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ജമ്മു കശ്മീരിൽ നിന്നും ഭീകരവാദം തുടച്ചു നീക്കുമെന്ന് ബിജെപി വ്യക്തമാക്കി. ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഡെമോക്രാറ്റിക് ആസാദ് പാർട്ടിയും രംഗത്ത് വന്നു. എന്നാൽ ഭരണകൂടത്തിനെതിരായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്.
Comments