ന്യൂഡൽഹി: കേരള മന്ത്രിസഭയിലേക്ക് വീണ്ടും സജി ചെറിയാനെ പ്രവേശിപ്പിച്ചുകൊണ്ടുള്ള പിണറായി സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് ബിജെപി എംപി പ്രകാശ് ജാവേദ്കർ. ഭരണഘടനയെ അധിക്ഷേപിച്ചതിനെ തുടർന്ന് മന്ത്രിസഭയിൽ നിന്ന് രാജിവച്ച് പുറത്തുപോയ സജി ചെറിയാനെ വീണ്ടും അതേ മന്ത്രിസഭയിലേക്ക് തന്നെ തിരുകി കയറ്റുന്ന ഇടതു സർക്കാർ സമീപനത്തെയാണ് ബിജെപി എംപി അപലപിച്ചത്.
ചരിത്രത്തിൽ ആദ്യമായാണ് ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മന്ത്രി അതേ ഭരണഘടനയെ അവഹേളിച്ച് പുറത്തുപോകുകയും പിന്നീട് മന്ത്രിസഭയിലേക്ക് വീണ്ടും സർക്കാർ വിളിച്ച് കയറ്റുന്നതും കാണുന്നത്. വിവാദമായ സജി ചെറിയാന്റെ പ്രസംഗം ജനങ്ങളിലേക്കെത്തിക്കണം. എങ്കിൽ മാത്രമേ പിണറായി വിജയൻ എന്താണ് ചെയ്യുന്നതെന്ന് പൊതുജനത്തിന് മനസിലാക്കാൻ കഴിയൂവെന്നും പ്രകാശ് ജാവേദ്കർ പറഞ്ഞു.
ഭരണഘടനയെക്കുറിച്ച് സജി ചെറിയാൻ നടത്തിയ പരാമർശം അപലപനീയമാണ്. ഭരണഘടനയുടെ ശിൽപിയായ ഡോ. അബേദ്കർ അപമാനിക്കപ്പെട്ടു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. എന്നിട്ടും പോലീസ് സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകി. സജി ചെറിയാൻ രാജി വയ്‌ക്കുക തന്നെ വേണം. അതിനായി പോരാടുമെന്നും എംപി വ്യക്തമാക്കി.
മദ്യം, മയക്കുമരുന്ന്, കുറ്റകൃത്യങ്ങൾ, കള്ളക്കടത്ത്, ഭാഗ്യപരീക്ഷക്കളി എന്നീ അഞ്ച് കാര്യങ്ങൾ ചേർന്നതാണ് കേരളത്തിലെ എൽഡിഫ് സർക്കാർ. ഇടതുസർക്കാർ കേരളം നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് രാജ്ഭവനിൽ നടന്ന ചടങ്ങിൽ സജി ചെറിയാൻ വീണ്ടും മന്ത്രിയായി അധികാരമേറ്റു. ചടങ്ങ് പ്രതിപക്ഷ നേതാക്കൾ ബഹിഷ്‌കരിച്ചിരുന്നു.
















Comments