പ്രോട്ടീനുകളുടെ കലവറയാണ് മാതള നാരങ്ങ. രക്തം വയ്‌ക്കാനും ശരീരത്തിന്റെ ആരോഗ്യത്തിനും മാതള നാരങ്ങ സ്ഥിരമായി കഴിക്കുന്നത് വളരെ നല്ലതാണ്. പ്രതിരോധശേഷി വർധിപ്പിക്കാൻ മികച്ച മാർഗങ്ങളിൽ ഒന്ന് കൂടിയാണിത്. നിരവധി പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും ഫ്‌ളവനോയ്ഡുകളും മാതള നാരങ്ങയിൽ അടങ്ങിയിട്ടുള്ളതിനാലാണ് ഈ പഴം ആരോഗ്യദായകമാകുന്നത്.
പ്രമേഹ രോഗികളും മാതള നാരങ്ങ കഴിക്കുന്നത് വളരെ നല്ലതാണ്. ഷുഗറുള്ള പലരും പ്രമേഹം കൂടുമോയെന്ന് ഭയന്ന് മാതള നാരങ്ങ ഒഴിവാക്കാറുണ്ട്. എന്നാൽ പ്രമേഹം ഉള്ളവർക്ക് ശീലമാക്കാവുന്ന മികച്ച പഴങ്ങളിലൊന്നാണിത്. ശരീരത്തിൽ ഉയർന്ന അളവിൽ ഗ്ലൂക്കോസ് ഉള്ളവർക്ക് മാതള നാരങ്ങ അനുയോജ്യമാണ്. ഈ പഴത്തിൽ പൊതുവെ താഴ്ന്ന അളവിലാണ് ജിഐയും ജിഎല്ലും അടങ്ങിയിരിക്കുന്നത്. ഇത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
കൂടാതെ ധാരാളം ആന്റി ഓക്‌സിഡന്റുകളും ഫ്‌ളവനോയ്ഡുകളും അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മാതള നാരങ്ങ ഗുണം ചെയ്യും. ദിവസവും ഈ പഴം കഴിച്ചാൽ ക്ഷീണവും പേശീ വേദനയും മറികടക്കാം. മാതള നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ഫെനോളിക് എന്ന ഘടകം മൂലം ശരീരത്തിന്റെ ഭാരം നിയന്ത്രിക്കാനും സഹായിക്കും. കഴിവതും മാതള നാരങ്ങ ജ്യൂസ് അടിക്കാതെയാണ് ആഹാരമാക്കാൻ ശ്രമിക്കേണ്ടത്. പ്രായമായവർക്ക് ജ്യൂസ് നൽകാവുന്നതാണ്.















