16-ാമത് ഏഷ്യൻ ഫിലിം അവാർഡ്‌സിന്റെ നോമിനേഷൻ പട്ടിക പുറത്തിറക്കി. ഇന്ത്യയ്‌ക്ക് അഭിമാന നിമിഷം സമ്മാനിച്ച് പൊന്നിയൻ സെൽവൻ 1, ആർ.ആർ.ആർ എന്നീ ചിത്രങ്ങൾ മാത്രമാണ് നോമിനേഷൻ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുളളത്. സിനിമ മേഖലയിലെ ഇന്ത്യയുടെ മുന്നോട്ടുളള ഒരു കുതിച്ചു ചാട്ടമാണിത്. വേറിട്ട ദൃശ്യമികവുകൾ കൊണ്ട് ആരാധകരെ പിടിച്ചിരുത്തുന്ന സംവിധായകൻ മണിരത്‌നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പൊന്നിയൻ സെൽവൻ 1 മികച്ച ചിത്രത്തിനുളള നോമിനേഷനിലുൾപ്പടെ ആറ് പുരസ്‌കാര നോമിനേഷനുകളിലാണ് ഇടം പിടിച്ചിട്ടുളളത്. തെലുങ്ക് സിനിമ സംവിധാനത്തിൽ വേറിട്ട വിസ്മയം കാഴ്ചവെച്ച എസ്.എസ് രാജമൗലിയുടെ ആർ.ആർ.ആർ നോമിനേഷനിൽ രണ്ട് ഇടങ്ങളിൽ സ്ഥാനം പിടിച്ചു. ഹോംഗ് കോംഗ് പാലസ് മ്യൂസിയത്തിൽ മാർച്ച് 12-നാണ് പുരസ്‌കാര വേദിയൊരുങ്ങുക.
ആറ് വിഭാഗങ്ങളിലേക്കാണ് പൊന്നിയൻ സെൽവൻ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുളളത്. മികച്ച ചിത്രം, മികച്ച ഒറിജിനൽ സംഗീതം, മികച്ച എഡിറ്റിംഗ്, മികച്ച ഛായാഗ്രഹണം, മികച്ച വസ്ത്രാലങ്കാരം മികച്ച പ്രൊഡക്ഷൻ ഡിസൈൻ എന്നീ നിലകളിലാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചിത്രത്തിൽ എഡിറ്റിംഗിന് ശ്രീകർ പ്രസാദിനെയും ഛായാഗ്രഹണത്തിന് രവി വർമനെയും കൂടാതെ മികച്ച ഒറിജിനൽ സംഗീതത്തിന് എ ആർ റഹ്‌മാനെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
രണ്ട് വിഭാഗങ്ങളിലേക്കാണ് ആർ.ആർ.ആർ തിരഞ്ഞെടുക്കപ്പെട്ടിട്ടുളളത്. മികച്ച വിഷ്വൽ ഇഫക്ട്‌സിനും മികച്ച സൗണ്ടിനുമാണ് ചിത്രം പട്ടികയിൽ ഇടം നേടിയിട്ടുളളത്. ചിത്രത്തിൽ വിഷ്വൽ ഇഫക്ട് കൈകാര്യം ചെയ്തതിന് ശ്രീനിവാസ് മോഹനും ശബ്ദം കൈകാര്യം ചെയ്തതിന് അശ്വിൻ രാജശേഖറുമാണ് പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുളളത്.
Comments