ന്യൂഡൽഹി: പച്ചക്കറി മാർക്കറ്റിൽ ബോംബ് പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്ക്. ഝാർഖണ്ഡിലെ ധൻബാദിലാണ് സംഭവം. വൈകിട്ടോടെയായിരുന്നു സ്‌ഫോടനം നടന്നത്. ബൈക്കിൽ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബോംബ് സ്ഥാപിച്ച ഇരുചക്രവാഹനം പച്ചക്കറി മാർക്കറ്റിലെ തിരക്കുള്ള ഭാഗത്ത് വച്ച് അക്രമി കടന്നുകളയുകയായിരുന്നു. തൊട്ടുപിന്നാലെയാണ് ബോംബ് പൊട്ടിത്തെറിച്ചത്.
പച്ചക്കറി വാങ്ങാൻ വന്നയാൾക്കും മൂന്ന് കടക്കാർക്കുമാണ് പൊട്ടിത്തെറിയിൽ പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് ഫോറൻസിക് സംഘമുൾപ്പെടെയുള്ളവർ എത്തി പരിശോധന നടത്തിയിരുന്നു. ബോംബിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ടെന്നും പരിശോധനയ്‌ക്കായി അയച്ചിരിക്കുകയാണെന്നും ഫോറൻസിക് സംഘം അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
















Comments