മാളികപ്പുറം എന്ന ചിത്രത്തെ പ്രശംസിച്ച് നിർമ്മാതാവും പ്രൊഡക്ഷൻ കൺഡ്രോളറുമായ എൻ.എം.ബാദുഷ. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് മാളികപ്പുറം എന്നും കഥാപാത്രങ്ങളൊന്നും മനസ്സിൽ നിന്ന് മായുന്നില്ല എന്നും ബാദുഷ ഫേയ്സ്ബുക്കിൽ കുറിച്ചു. സിനിമയെ വിനോദോപാധിയായി മാത്രം കാണണം. മതമോ രാഷ്ട്രീയമോ വച്ച് മാളികപ്പുറം പോലെയുള്ള സിനിമകളെ മാറ്റി നിർത്തരുത് എന്നും അദ്ദേഹം പറഞ്ഞു.
‘നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ? നമുക്ക് ആവശ്യമുള്ള സമയത്ത് മനുഷ്യ രൂപത്തിൽ നമ്മെ സഹായിക്കുന്നവനാണ് യഥാർഥ ദൈവം. മാളികപ്പുറം കണ്ടു. വളരെ മികച്ച സിനിമ. 2022 -ന്റെ അവസാനമായി ഇറങ്ങിയ ഈ സിനിമ ഇപ്പോഴും പ്രേക്ഷകരുടെ പ്രീതി ഏറ്റുവാങ്ങി മുന്നേറുകയാണ്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന, കുടുംബ സമേതം ധൈര്യമായി കാണാവുന്ന സിനിമയെന്ന് നിസംശയം പറയാം. മാളികപ്പുറത്തിലെ കഥാപാത്രങ്ങൾ ഒന്നും മനസിൽ നിന്ന് മായുന്നില്ല. ഉണ്ണി മുകുന്ദൻ, എ റിയൽ ഹീറോ, അടിപൊളിയായിട്ടുണ്ട്. സൈജു കുറുപ്പ്, രമേഷ് പിഷാരടി എന്നിവരും ഗംഭീരമാക്കി. എടുത്തു പറയേണ്ട പ്രകടനമാണ് ബാലതാരങ്ങളായ പീയൂഷിന്റെയും കല്ലുവിന്റെയും. അവരുടെ മുഖം കണ്ണിൽ നിന്നു മായുന്നേയില്ല’.
‘ഇത്തരത്തിലൊരു ചിത്രമൊരുക്കാൻ മുമ്പോട്ടു വന്ന നിർമ്മാതാക്കളായ ആൻ്റോ ജോസഫിനും വേണു കുന്നപ്പിള്ളിക്കും ഹൃദയത്തിൽ നിന്നൊരു സല്യൂട്ട്. അച്ഛന്റെ പാത പിന്തുടർന്ന് മികച്ച സിനിമയുമായി മകൻ വിഷ്ണു തന്റെ ഉത്തരവാദിത്വം അസ്സലായി നിർവ്വഹിച്ചു. രചയിതാവ് അഭിലാഷിനും സംഗീത സംവിധായകൻ രഞ്ജനും അഭിമാനിക്കാവുന്ന ചിത്രം. അങ്ങനെ എല്ലാത്തരത്തിലും മികവ് പുലർത്തിയ ഒന്നാംതരം ഫീൽ ഗുഡ് ചിത്രമാണ് മാളികപ്പുറം. അവസാനമായി ഒരു വാക്ക്, സിനിമയെ വിനോദോപാധിയായി മാത്രം കാണുക. അതിൽ വർഗീയതയോ ജാതിയോ മതമോ രാഷ്ട്രീയമോ കാണാതിരിക്കുക. വിദ്വേഷ വിഷം കലക്കാതെ ആസ്വദിക്കാനായാൽ സിനിമ എപ്പോഴും ഏറ്റവും നല്ല വിനോദം തന്നെ’ എന്നാണ് ബാദുഷ ഫേയ്സ്ബുക്കിൽ കുറിച്ചത്.















