ബോളിവുഡിനും അപ്പുറം തെന്നിന്ത്യന്‍ സിനിമകള്‍ നേട്ടംകൊയ്ത വര്‍ഷമായിരുന്നു 2022. ബഹുഭൂരിപക്ഷം ബോളിവുഡ് സിനിമകളും പരാജയപ്പെട്ടപ്പോള്‍ കന്നഡ, തെലുങ്ക് ചിത്രങ്ങള്‍ ലോകമെമ്പാടും തിയറ്ററുകള്‍ നിറഞ്ഞോടി. കാന്താര, രാജമൗലിയുടെ ആര്‍ആര്‍ആര്‍, കെജിഎഫ് 2 എന്നീ ചിത്രങ്ങള്‍ ഭാഷകള്‍ക്കും അപ്പുറം ജനശ്രദ്ധ നേടി. ഇവയെല്ലാം ഫാന്റസി ചിത്രങ്ങള്‍ ആയിരുന്നു എന്നതായിരുന്നു മറ്റൊരു ശ്രദ്ധേയമായ വസ്തുത. ഈ ശ്രേണിയില്‍ തുടര്‍ കണ്ണിയാകാന്‍ മറ്റൊരു സിനിമകൂടി അണിയിച്ചൊരുക്കിയിക്കുകയാണ് പ്രമുഖ തെലുങ്ക് സംവിധായകനും തിരക്കഥാകൃത്തുമായ പ്രശാന്ത് വര്‍മ്മ. ഹനുമാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ഇന്ത്യന്‍ ഇതിഹാസങ്ങളെ ഇതിവൃത്തമാക്കിയാണ് സിനിമ തയ്യാറാക്കിയിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ സൂചന നല്‍കിയിരുന്നു. ലോകത്തിലെ ഏറ്റവും ശക്തനായ സൂപ്പര്‍ ഹീറോയുടെ കഥ എന്ന തലക്കെട്ടോട് കൂടിയാണ് ടീസറുകള്‍ പ്രത്യക്ഷപ്പെട്ടത്. പുതുതായി പുറത്തുവിട്ടിരുക്കുന്ന പോസ്റ്ററിലും ഇത് ആവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷം മെയ് 12 ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
തേജ സജ്ജയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമൃത അയ്യര്‍, വരലക്ഷ്മി ശരത് കുമാര്‍, വിനയ് റായ് എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നു. പ്രൈംഷോ എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ കെ. നിരഞ്ജന്‍ റെഡ്ഡിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ദശാരദി ശിവേന്ദരയാണ് ഛായാഗ്രഹകന്‍. ഹിന്ദി, തെലുങ്ക്, കന്നഡ്, മലയാളം, തമിഴ് ഭാഷകളിലാകും ചിത്രം ആദ്യം തിയറ്ററുകളില്‍ എത്തുക.
മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ഫാന്റസി ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മിന്നല്‍ മുരളി എന്ന പരീക്ഷണ ചിത്രം വന്‍ വിജയമായി തീര്‍ന്നിരുന്നു. പിന്നാലെ ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാളികപ്പുറം 2023ലെ ആദ്യ സൂപ്പര്‍ഹിറ്റായി. വിജയത്തിന് പിന്നാലെ മറ്റ് ഭാഷകളിലേക്ക് കൂടി മൊഴിമാറ്റി തീയറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലെ വിതരണാവകാശം അല്ലു അര്‍ജുന്റെ വിതരണ കമ്പനി ഏറ്റെടുത്തിരുന്നു.
Comments