ഇന്ത്യയിലെ ലൈഫ് സ്‌റ്റൈല്‍ യൂട്ടിലിറ്റി വാഹന നിരയിൽ ടൊയോട്ടയുടെ ഹൈലക്‌സിന് വലിയ ജനപ്രീതിയാണുള്ളത്. വാഹനം അവതരിപ്പിച്ചതു മുതൽ മികച്ച പ്രതികരണമാണ് വാഹന പ്രേമികൾക്കിടയിൽ നിന്നും മോഡലിന് ലഭിച്ചത്. എന്നാൽ, പെട്ടന്ന് വാഹനത്തിന്റെ ബുക്കിംഗ് കമ്പനി താത്കാലികമായി നിർത്തി വയ്‌ക്കുകയായിരുന്നു. ഇത് പലരെയും നിരാശരാക്കി. ഇപ്പോഴിതാ, ഹൈലക്സിന്റെ ബുക്കിംഗ് പുനരാരംഭിച്ചിരിക്കുകയാണ് ടൊയോട്ട. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് വാഹനത്തിന്റെ ബുക്കിംഗ് കമ്പനി നിർത്തി വെച്ചത്.
2022 മാർച്ചിൽ ഹൈലക്‌സിന്റെ വില ടൊയോട്ട ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. മൂന്ന് വകഭേദങ്ങളിൽ വിപണിയിലെത്തുന്ന വാഹനത്തിന്റെ അടിസ്ഥാന മോഡലിന് 33.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഹൈ വകഭേദത്തിന് 35.80 ലക്ഷം രൂപയും ഹൈ ഓട്ടമാറ്റിക്കിന് 36.80 ലക്ഷം രൂപയുമാണ് വില. ഇമോഷണൽ റെഡ്, വൈറ്റ് പേൾ, സിൽവർ മെറ്റാലിക്ക്, സൂപ്പർ വൈറ്റ്, ഗ്രേ മെറ്റാലിക് എന്നീ നിറങ്ങളിൽ പുതിയ വാഹനം ലഭിക്കും. ഐഎംവി- ടു പ്ലാറ്റ്ഫോമിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. 2.8 ലീറ്റർ ഡീസൽ എൻജിനാണ് ഹൈലക്സിന്. ആറു സ്പീഡ് ഗിയർ ബോക്സുമായി ഓട്ടമാറ്റിക്, മാനുവൽ വേരിയെന്റിൽ വാഹനം ലഭിക്കും. ഓട്ടോമാറ്റിക്ക് വകഭേദത്തിന് 204 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കും, മാനുവൽ വകഭേദത്തിന് 204 ബിഎച്ച്പി കരുത്തും 420 എൻഎം ടോർക്കുമുണ്ട്. ഫോർ വീൽ ഡ്രൈവ് ലേഔട്ട് സഹിതമാണ് ഹൈലക്സ് എത്തിയത്.
700 എംഎം വാട്ടർ വേഡിംഗ് കപ്പാസിറ്റി, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, 7 എയർബാഗുകൾ, ഡൗൺഹിൽ അസിസ്റ്റ് കൺട്രോൾ, വെഹിക്കിൾ സ്റ്റബിലിറ്റി കൺട്രോൾ തുടങ്ങിയ സുരക്ഷ ഫീച്ചറുകളും വാഹനത്തിന് കമ്പനി നൽകിയിരിക്കുന്നു. ഓഫ് റോഡർ എന്നു വിശേഷിപ്പിക്കുന്നു എങ്കിലും മികച്ച ഇന്റീരിയർ വർക്ക് തന്നെയാണ് ഹൈലക്സിൽ കമ്പനി ചെയ്തിരിക്കുന്നത്. ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോ എയർ കണ്ടീഷനിംഗ്, ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ കംപാറ്റിബിലിറ്റിയോടെ എട്ട് ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സ്ക്രീൻ, ജെബിഎൽ സ്പീക്കർ എന്നിവയെല്ലാം ഹൈലക്സിലുണ്ട്.
















Comments