വീടുകളിൽ മിക്കവരും പാത്രം കഴുകാൻ ഉപയോഗിക്കുന്ന ഒന്നാണ് ഡിഷ് വാഷ് ലിക്വിഡ്. വലിയ വില കൊടുത്ത് വാങ്ങുന്ന ഇത്തരം ലിക്വിഡുകൾ പെട്ടെന്ന് തീർന്ന് പോവുകയും ചെയ്യും. എന്നാൽ കുറച്ച് നാരങ്ങ ഒപ്പിച്ചെടുക്കാമെങ്കിൽ വീട്ടിൽ തന്നെ നല്ല ഡിഷ് വാഷ് ലിക്വിഡ് തയ്യാറാക്കാം.
ഇതിനായി 15 നാരങ്ങയാണ് വേണ്ടത്. ഇതിൽ 11 നാരങ്ങയുടെ തൊലി മാത്രം മതിയാകും. ബാക്കി നാല് നാരങ്ങ മുഴുവനും ഉപയോഗിക്കാം. ഈ നാരങ്ങ അരിഞ്ഞതിന് ശേഷം ഇതിലേക്ക് 11 നാരങ്ങയുടെ തൊലി ചേർക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇളക്കി ചേർത്തതിന് ശേഷം ഈ മിശ്രിതം തിളപ്പിക്കുക. ഇരുപത് മിനിറ്റോളം വേവാനുള്ള വെള്ളം ഒഴിക്കേണ്ടതുണ്ട്. ശേഷം ഇത് തണുക്കാൻ വയ്‌ക്കുക.
മിശ്രിതം തണുത്ത് കഴിഞ്ഞാൽ ഇത് മിക്‌സിയിലിട്ട് അരച്ചെടുക്കുക. ഇനി ലഭിക്കുന്ന പേസ്റ്റിലേക്ക് കുറച്ച് വെള്ളമൊഴിച്ച് ഇളക്കി ചേർക്കുക. ഒരു അരിപ്പ ഉപയോഗിച്ച് ഈ മിശ്രിതം അരിച്ചെടുക്കുക. തരികൾ ഒന്നുമില്ലാതെ ലൂസായ രൂപത്തിലാണ് മിശ്രിതം ലഭിക്കേണ്ടത്. ഇതിലേക്ക് അരകപ്പ് വിനാഗിരി ചേർക്കുക. അതിന് ശേഷം ഒരു ടേബിൾ സ്പൂൾ ഉപ്പും ചേർത്ത് ഇളക്കാം.
കട്ടി കൂടുതലായി തോന്നുന്നുണ്ടെങ്കിൽ വെള്ളം ചേർത്ത് വീണ്ടും ലൂസാക്കുക. ശേഷം ഈ മിശ്രിതം വീണ്ടും തിളപ്പിക്കുക. ശേഷം തീ ഓഫീക്കി മിശ്രിതം തണുക്കാൻ വയ്‌ക്കുക. ഇതിലേക്ക് അൽപം ബേക്കിംഗ് സോഡ ചേർത്തുകൊടുക്കാം. നന്നായി യോജിപ്പിച്ച മിശ്രിതം പാത്രം കഴുകാൻ ഉപയോഗിക്കാവുന്നതാണ്.















