ശ്രീനഗർ : ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ അറസ്റ്റിൽ. ഫർഹാൻ ഫറൂസ് എന്ന ഭീകരനെയാണ് പോലീസ് പിടികൂടിയത്. ശ്രീനഗർ അതിർത്തിയിൽ പരിശോധന നടത്തുന്നതിനിടെയാണ് ഭീകരനെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും മാരക ലഹരിമരുന്നായ ഹെറോയിനും പണവും കണ്ടെടുത്തു. 450 ഗ്രാം ഹെറോയിനാണ് പോലീസ് പിടികൂടിയത്. കൂടാതെ 9.95 ലക്ഷം രൂപയും നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുടെ ലെറ്റർ പാഡും മറ്റ് രേഖകളും കണ്ടെടുത്തു. കൊട്ടിബാഗ് പോലീസാണ് ഭീകരനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിൽ നിന്നും ഐഎസ് ഭീകരൻ അറസ്റ്റിലായതിന് പിന്നാലെയാണ് വീണ്ടും ശ്രീനഗറിൽ മറ്റൊരു ഭീകരൻ കൂടി അറസ്റ്റിലാവുന്നത്. മദ്ധ്യപ്രദേശിലെ ഖണ്ട്വയിൽ നിന്നുമാണ് കൊടും ഭീകരൻ അബ്ദുൽ റാഖിഖ് ഖുറേശി പിടിയിലാവുന്നത്. നിരോധിത സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ മുൻ പ്രവർത്തകനായിരുന്നു ഇയാൾ. ഇയാളുടെ പക്കൽ നിന്നും മൊബൈൽ ഫോൺ, പെൻഡ്രൈവ് തുടങ്ങി വിവിധ ഉപകരണങ്ങളും പോലീസ് കണ്ടെത്തിയിരുന്നു.
എംഡി സദ്ദാം, സയീദ് എന്നീ ഭീകരരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു പോലീസ് ഖുറേശിയെയും അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടാളിയായിരുന്നു ഖുറേശി. അറസ്റ്റിലായവരിൽ നിന്നും നിരവധി ജിഹാദി ഉള്ളടക്കങ്ങളും ജിഹാദി ചാനലുകളുടെ ലിസ്റ്റും കണ്ടെത്തിയിരുന്നു.
Comments