അഗർത്തല: ത്രിപുരയിൽ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതിനായി മതേതര കക്ഷികൾ ഒന്നിക്കണമെന്നാണ് പാർട്ടി കോൺഗ്രസിന്റെ തീരുമാനം. ത്രിപുര തിരഞ്ഞെടുപ്പ് നിർണായകമാണെന്നും വിജയിക്കാനാവശ്യമായ നടപടികൾ സിപിഎം കൈക്കൊള്ളുമെന്നും യെച്ചൂരി പറഞ്ഞു.
‘സംസ്ഥാനത്തെ ബിജെപി സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ല. ത്രിപുരയിൽ ബിജെപിയെ പരാജയപ്പെടുത്താൻ മതേതര പാർട്ടികളുടെ സഹകരണവും കൂട്ടായ്മയും വേണം. ഇതിനുവേണ്ട നടപടികൾ സംസ്ഥാനത്തെ സിപിഎം നേതൃത്വം കൈക്കൊള്ളും. ബംഗാളിലെ സിപിഎം നേതൃത്വത്തെ കേന്ദ്ര നേതൃത്വം വിമർശിച്ചത് തിരഞ്ഞെടുപ്പിൽ ധാരണ ഉണ്ടാക്കിയതിനല്ല. ധാരണയെക്കാൾ ഉപരി കോൺഗ്രസുമായി ബംഗാളിൽ മുന്നണിയായി പ്രവർത്തിച്ചു. ഇത് സഖ്യം രൂപീകരിച്ചതിന് തുല്യമായി. അതിനാലാണ് വിമർശിച്ചത്’ എന്ന് യെച്ചൂരി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
പ്രതിപക്ഷത്തിന്‍റെ വോട്ട് ഭിന്നിക്കാൻ പാടില്ല എന്ന തീരുമാനത്തിന്റെ പുറത്താണ് കോൺഗ്രസുമായുള്ള സഹകരണത്തെ കുറിച്ചുള്ള ചർച്ചകള്‍ പാര്‍ട്ടിയില്‍ നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചെറിയ ഒരു ശതമാനത്തിന്റെ വോട്ട് വ്യത്യാസം മാത്രമേ സിപിഎമ്മിന് ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ കോണ്‍ഗ്രസിന്‍റെയും തിപ്ര മോത്ത പാര്‍ട്ടിയുടെയും പിന്തുണയുണ്ടെങ്കില്‍ ത്രിപുരയിൽ ഭരണം തിരിച്ച് പിടിക്കാമെന്നാണ് സിപിഎം സ്വപ്നം കാണുന്നത്.
















Comments