ചണ്ഡിഗഡ്: രാഹുൽ ഗാന്ധി പറയുന്നത് കോൺഗ്രസിന് പോലും മനസ്സിലാകുന്നില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. എന്ത് തത്വശാസ്ത്രമാണ് രാഹുൽ ഗാന്ധി പിന്തുടരുന്നതെന്ന് പ്രവർത്തകർക്ക് പോലും പിടികിട്ടുന്നില്ല. ആർഎസ്എസുകാർ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവർ ആണ്, താൻ ടി-ഷർട്ട് ധരിക്കുന്നത് കീറിപ്പറിഞ്ഞ വസ്ത്രമുളള കുട്ടികളെ കണ്ടതിനാലാണ്, ഹർ ഹർ മഹാദേവ്, ജയ് സീതാ റാം ആർഎസ്എസുകാർ വിളിക്കുന്നില്ല എന്നിങ്ങനെയുള്ള പിച്ചും പേയുമാണ് രാഹുൽ പറയുന്നത്. രാഹുൽ ഗാന്ധി പപ്പു ആയി തന്നെയാണ് തുടരുന്നുതെന്ന് മനോഹർ ലാൽ ഖട്ടർ വിമർശിച്ചു.
‘രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളിൽ കോൺഗ്രസ് നേതാക്കൾ പോലും ആശയക്കുഴപ്പത്തിലാണ്. ആർഎസ്എസുകാരെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവർ എന്നാണ് രാഹുൽ വിളിച്ചത്. ആർഎസ്എസിനെ കുറിച്ച് ഒന്നും അറിയില്ല. വെറുതേ എന്തൊക്കെയോ വിളിച്ചു പറയുന്നു. കുറച്ചു ദിവസം ആർഎസ്എസിന്റെ ശാഖയിൽ രാഹുൽ ഗാന്ധി പോകണം. എന്നിട്ട് എന്തെങ്കിലും മനസ്സിലാക്കിയ ശേഷം വിമർശിക്കണം. എന്താണ് രാഹുൽ പറയുന്നതെന്നോ, എന്ത് തത്വശാസ്ത്രമാണ് അദ്ദേഹം പിന്തുടുന്നതെന്നോ ഞങ്ങൾക്ക് മാത്രമല്ല കോൺഗ്രസിനും പിടികിട്ടുന്നില്ല’.
‘ചിലപ്പോൾ രാഹുൽ ശിവഭക്തനായി മാറുന്നു. ചിലപ്പോൾ പൂജാരിമാരെ ചോദ്യം ചെയ്യുന്നു. ഹർ ഹർ മഹാദേവ്, ജയ് സീതാ റാം എന്നിങ്ങനെ ആർഎസ്എസുകാർ വിളിക്കുന്നില്ലെന്ന് പറയുന്നു. എന്തൊക്കെയോ പറയുന്നു എന്നല്ലാതെ അദ്ദേഹത്തിന് ഒന്നിനെപ്പറ്റിയും അറിയില്ല. ഇപ്പോഴും അജ്ഞനാണ്. പപ്പുവായി തന്നെയാണ് രാഹുൽ തുടരുന്നത്. മദ്ധ്യപ്രദേശിൽ വച്ച് കീറിയ വസ്ത്രം ധരിച്ച പെൺകുട്ടികളെ കണ്ടതോടെയാണ് താൻ ടി-ഷർട്ട് ധരിക്കാൻ തീരുമാനിച്ചത് എന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. രാഹുൽ ഗാന്ധി പെൺകുട്ടികളുടെ വീട്ടിൽ പോയി അവർ എങ്ങനെയാണ് കഴിയുന്നതെന്ന് ഒന്ന് മനസ്സിലാക്കണം. യാത്ര ചെയ്യുമ്പോൾ പോലും ലക്ഷങ്ങൾ മുടക്കി ആഡംബര വാഹനത്തിലുറങ്ങുന്ന വ്യക്തിയാണ് രാഹുൽ’ എന്നും മനോഹർ ലാൽ ഖട്ടർ വിമർശിച്ചു.
















Comments