കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെ വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. സ്വാഗത ഗാനം അവതരിപ്പിച്ച സംഘത്തെ സിപിഎം വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും സ്വാഗത ഗാനം ഒരു മതത്തിനെതിരായുള്ളതാണെന്ന് മനപൂർവ്വം വരുത്തി തീർക്കുകയാണെന്നും എം.ടി രമേശ് പറഞ്ഞു. ആഗോള തീവ്രവാദത്തെ ആവിഷ്കരിക്കാൻ മറ്റേത് വേഷമാണ് ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
‘സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ സ്വാഗത ഗാനം അവതരിപ്പിച്ച മാതാ പേരാമ്പ്രയെ സിപിഎം വളഞ്ഞിട്ടാക്രമിക്കുകയാണല്ലോ ? എന്താണ് ആ ദൃശ്യാവിഷ്ക്കാരത്തിന് കുഴപ്പം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച നൃത്താവിഷ്ക്കാരത്തിന് ഇത്രമേൽ വിമർശനം ഉണ്ടാകാനുള്ള കാരണമെന്താണ്? അതിലെ ഒരു കഥാപാത്രത്തിന്റെ വേഷം!’.
ജന്മിയെ കാണിക്കുമ്പോൾ പൂണിലിട്ട ബ്രാഹ്മണനെ കാണിക്കാം. നര ബലി ആവിഷ്ക്കരിക്കുമ്പോൾ പൂജാരിയേയും ഹോമാദി ദ്രവ്യങ്ങളെയും ഹിന്ദു ബിംബങ്ങളെയും കാണിക്കാം. ആഗോള തീവ്രവാദത്തെ കുറിച്ച് കാണിക്കുമ്പോൾ തീവ്രവാദികളുടെ വസ്ത്രധാരണം ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ്? ഉസാമ ബിൻ ലാദന്റെയും താലിബാൻ തീവ്രവാദികളുടെയും വേഷമല്ലാതെ സന്യാസിയുടെ കാഷായമിട്ട് ആഗോള തീവ്രവാദത്തെ ആവിഷ്ക്കരിക്കാൻ സാധിക്കുമോ?. ഇതിനെ ഒരു മതത്തെ ആക്രമിക്കുന്നതായി വ്യാഖ്യാനിക്കുന്നിടത്താണ് പ്രശ്നം. അതല്ല, ആഗോള തീവ്രവാദത്തെ വിമർശിക്കരുതെന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് പള്ളിയിൽ പറഞ്ഞാമതി’ എന്നും എം.ടി.രമേശ് ഫേയ്സ്ബുക്കിൽ കുറിച്ചു.
Leave a Comment