കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ ഹോട്ടല്‍ ഉടമ അറസ്റ്റിൽ. കാസർകോട് കോയിപ്പടി സ്വദേശി ലത്തീഫാണ് ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്. കേസിൽ പ്രതിയായ ഹോട്ടലിലെ ചീഫ് കുക്ക് സിറാജുദ്ദീൻ ഒളിവിൽ പോയിരുന്നെങ്കിലും നേരത്തെ പിടിയിലായിരുന്നു.
ഡിസംബർ 29നായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സ് രശ്മി രാജായിരുന്നു ഭക്ഷ്യവിഷബാധയെ തുടർന്ന് മരണപ്പെട്ടത്. കോട്ടയം സംക്രാന്തിയിലുളള ഹോട്ടൽ പാർക്ക് കുഴിമന്തി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് നഴ്സിന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ഹോട്ടലിലെ ചീഫ് കുക്ക് സിറാജുദ്ദീനെ കാടാമ്പുഴയിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. ഇതിന് പിന്നാലെ ഹോട്ടൽ ഉടമകൾക്ക് വേണ്ടി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തിരച്ചിൽ ശക്തമാക്കി. തുടർന്നാണ് ഹോട്ടൽ ഉടമയെ ബെംഗളൂരുവിന് സമീപം കമ്മനഹള്ളിയിൽ നിന്നും പിടികൂടിയത്.
ഗാന്ധിനഗർ സ്റ്റേഷന് എസ്.എച്ച്.ഒ ഷിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ലത്തീഫിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കേസിൽ പ്രതികളെ പിടികൂടാൻ വൈകുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഒടുവിലാണ് ഹോട്ടൽ ഉടമയെ പോലീസിന് പിടികൂടാനായത്.
Comments