ഇനി വീട്ടിൽ നായയെ വളർത്തണമെങ്കിൽ ഉടമകൾ നികുതി കൊടുക്കേണ്ടി വരും. കേരളത്തിൽ അല്ല അങ്ങ് മദ്ധ്യപ്രദേശിലെ സാഗർ മുനിസിപ്പൽ കോർപ്പറേഷനിൽ ആണെന്ന് മാത്രം. വരുന്ന ഏപ്രിൽ മുതലാണ് ഉടമകളിൽ നിന്ന് നികുതി പിരിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്.
നഗരവാസികളുടെ സുരക്ഷയ്ക്കും വൃത്തിക്കും വേണ്ടിയാണ് നികുതി ഏർപ്പെടുത്തുന്നത് എന്നാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്. എന്നാൽ നികുതി പിരിക്കാനുളള നടപടിക്കെതിരെ നായസ്നേഹികൾ രംഗത്തെത്തിയിട്ടുണ്ട്.
സാഗറിലെ തെരുവുകളിൽ നായ്ക്കളുടെ ശല്യം രൂക്ഷമാണ്.
നിരവധി പേർക്കാണ് ഇവയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പൊതുസ്ഥലങ്ങൾ ഇവ വൃത്തികേടാക്കുന്നതും പതിവാണ്. നായ്ക്കളുടെ ശല്യം തീർക്കാൻ പല രീതികൾ പരീക്ഷിച്ചെങ്കിലും ഒന്നും ഫലിച്ചില്ല. ഇതിനൊപ്പമാണ് നായ്ക്കളുടെ ഉടമസ്ഥർ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നു എന്ന പരാതിയും ലഭിച്ചത്. തുടർന്നാണ് നികുതി ഏർപ്പെടുത്താനുള്ള നടപടികൾ കോർപ്പറേഷൻ സ്വീകരിച്ചത്.
Comments