ഗംഭീര അഭിപ്രായങ്ങളുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. കേരളത്തിന് പുറത്തും ഹൗസ് ഫുൾ ഷോകളുമായാണ് ചിത്രം കയ്യടി നേടുന്നത്. ഡിസംബർ 30-ന് തിയറ്ററുകളിലെത്തിയ ചിത്രം 17 ദിവസം പിന്നിട്ടപ്പോൾ തന്നെ 40 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ, മാളികപ്പുറം 50 കോടി സ്വന്തമാക്കി എന്ന വാർത്തയാണ് പുറത്തു വരുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് ചിത്രം. ഉണ്ണി മുകുന്ദൻ എന്ന താരത്തെ ഇന്ത്യ മുഴുവൻ അടയാളെപ്പെടുത്തുന്ന ചിത്രമായാണ് മാളികപ്പുറം മുന്നേറുന്നത്.
145 തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം കേരളത്തിലെ 230 ലധികം തിയേറ്ററുകളിലേയ്‌ക്ക് വ്യാപിച്ചിരിക്കുകയാണ്. എങ്ങും ഹൗസ്ഫുൾ ഷോകളാണ്. വളരെ അപൂർവ്വമായാണ് മലയാള സിനിമയിൽ ഇത്തരമൊരു വിജയം ലഭിക്കുന്നത്. സിനിമയുടെ തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളും ഉടൻ റീലീസ് ചെയ്യും. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഹൃദയം കീഴടക്കാൻ ഒരുങ്ങുകയാണ് മാളികപ്പുറം.ഉണ്ണി മുകുന്ദന്റെ ആദ്യ നൂറ് കോടി ചിത്രമാകും മാളികപ്പുറം എന്നാണ് സിനിമാ പ്രേമികൾ വിശ്വസിക്കുന്നത്. നടൻ അല്ലു അർജ്ജുന്റെ നിർമ്മാണ കമ്പനിയായ ഗീതാ ആർട്സ് ആണ് മാളികപ്പുറത്തിന്റെ തെലുങ്ക് ഡബ്ബഡ് പതിപ്പ് തിയറ്റുകളിലേയ്‌ക്ക് എത്തിക്കുന്നത്.
രാക്ഷസൻ, വിക്രംവേദ തുടങ്ങിയ ബ്ലോക്ക് ബസ്റ്ററുകൾ ജനങ്ങളിലേയ്‌ക്ക് എത്തിച്ച ട്രൈഡന്റ് ആർട്ട്സ് ആണ് ചിത്രം തമിഴ് നാട്ടിൽ പ്രദർശിപ്പിക്കുന്നത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം-വിഷ്ണുനാരായണൻ, എഡിറ്റിംഗ്-ഷമീർ മുഹമ്മദ്, സംഗീതം,പശ്ചാത്തല സംഗീതം- രഞ്ജിൻ രാജ്. ആന്റോ ജോസഫും വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.















