ആഗ്രഹ സാഫല്യത്തിന് ഏവരും വിളിക്കുന്ന ദേവിയാണ് മലയാലപ്പുഴ ഭഗവതി. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ മലയാലപ്പുഴ ഗാമപഞ്ചായത്തിലാണ് മലയാലപ്പുഴ ദേവീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അഞ്ച് മലകളുടെ ഭഗവതിയാണ് മലയാലപ്പുഴയിൽ ഇരിക്കുന്നതെന്നാണ് വിശ്വാസം.
പരാശക്തിയായ ഭദ്രകാളിയാണ് മലയാലപ്പുഴ അമ്മ. ദാരികവധത്തിന് ശേഷമുള്ള രൗദ്ര ഭാവത്തിലുള്ള കാളിയാണ് മുഖ്യപ്രതിഷ്ഠ. ദുർഗ, മഹാലക്ഷ്മി, ഭുവനേശ്വരി സങ്കൽപ്പങ്ങളെയും ക്ഷേത്രത്തിൽ ആരാധിച്ചുവരുന്നു. ദേവീ ക്ഷേത്രത്തിന് ആയിരത്തിലേറെ വർഷങ്ങളുടെ പഴക്കമുണ്ട്.
തുടർച്ചയായി വിളിച്ചാൽ, വിളി കേൾക്കുന്ന ശക്തിയാണ് മലയാലപ്പുഴ ഭഗവതിയെന്ന് അനുഭവസ്ഥർ പറയുന്നു. തുടർച്ചയായി ഏഴ് ആഴ്ചകളിൽ ദർശനം നടത്തിയാൽ ആഗ്രഹസാഫല്യമുണ്ടാകുമെന്നാണ് ഭക്തർ പറയുന്നത്.
ഉത്തര തിരുവിതാംകൂറിലെ രണ്ട് നമ്പൂതിരിമാർ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഭജനമിരുന്നു. അവരുടെ കൈവശം ഒരു ഭഗവതീവിഗ്രഹം ഉണ്ടായിരുന്നു. ദീർഘ കാലത്തെ ഭജനയ്‌ക്ക് ശേഷം അവരുടെ കൈവശമുള്ള ദേവീരൂപത്തിൽ മൂകാംബികദേവിയുടെ സാന്നിധ്യം ഉണ്ടാകുമെന്നൊരു അരുളപ്പാട് ലഭിച്ചു. ശേഷം അലർ ക്ഷേത്ര ദർശനവും തീർത്ഥാടനവുമായി നാടുചുറ്റി. പ്രായാധിക്യം കാരണം യാത്രചെയ്യാൻ കഴിയാതെ വന്നപ്പോൾ പരാശക്തി അവർക്ക് സ്വപ്‌നത്തിൽ ദർശനം നൽകി. അവരുടെ കൈവശമുള്ള വിഗ്രഹം മലയാലപ്പുഴയിൽ പ്രതിഷ്ഠിക്കാൻ ഉപദേശിക്കുകയും തുടർന്ന് അവർ മലയാലപ്പുഴയിലെത്തി പ്രതിഷ്ഠ നടത്തുകയുമായിരുന്നു. പ്രതിഷ്ഠ നടത്തിയ സമയം രാത്രിയായതിനാൽ ഭഗവതി രൗദ്രഭാവമായ കാളി രൂപത്തിൽ മാറിയിരുന്നു. അങ്ങനെയാണ് ഇന്ന് കാണുന്ന ഭദ്രകാളിയുടെ പ്രതിഷ്ഠ നടന്നതെന്നാണ് ഐതീഹ്യം.
പ്രധാന വിഗ്രഹം നിർമ്മിച്ചിട്ടുള്ളത് കടുശർക്കര യോഗത്തിലാണ്. പരദേവതമാരായി പാർവ്വതിയുടെ മടിയിലിരുന്നു മുലപ്പാൽ കുടിക്കുന്ന രൂപത്തിലുള്ള ഗണപതി, സ്വയംഭൂവായ ശിവൻ, യക്ഷി, രക്ഷസ്സ്, മൂർത്തി എന്നീ പ്രതിഷ്ഠകളുമുണ്ട്. ക്ഷേത്രമതിലിന് കിഴക്ക് ആൽമരച്ചുവട്ടിൽ ‘മലമാട് സ്വാമിത്തറ’ എന്ന പേരിൽ മലദൈവ സങ്കൽപ്പവുമുണ്ട്. വർഷം മുഴുവൻ പൂത്തിനിൽക്കുന്ന കണിക്കൊന്ന കൗതുകകരമായ കാഴ്ചയാണ്.
മകരമാസത്തിലെ ‘മകരപൊങ്കാല’ എന്ന പൊങ്കാല ഉത്സവമാണ് പ്രധാനം. ചൊവ്വ, വെള്ളി, പൗർണമി ദിനങ്ങളാണ് ക്ഷേത്രത്തിൽ പ്രധാനം. കുഭത്തിലെ തിരുവാതിരയ്‌ക്ക് കൊടിയേറി 11 ദിവസത്തെ ഉത്സവമാണ്. പത്താം ദിവസം പള്ളിവേട്ടയും പതിനൊന്നാം ദിവസം ആറാട്ടുമാണ്. ഉത്സവത്തോടനുബന്ധിച്ച് ചമയവിളക്ക്, പൂരാഘോഷം തുടങ്ങിയ അനുഷ്ഠാന ചടങ്ങുകളുമുണ്ട്. വെറ്റില, അടയ്‌ക്ക, പുകയില സമർപ്പണവും രക്തപുഷ്പാഞ്ജലി, തൂണിയരിപ്പായസം, കോഴിയെ നടയ്‌ക്ക് വയ്‌ക്കൽ, ചുവന്നപട്ട്, മഞ്ഞളഭിഷേകം എന്നിവയാണ് ക്ഷേത്രത്തിലെ വഴിപാടുകൾ.
Comments