തിരുവനന്തപുരം: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ ചങ്ങമ്പുഴയുടെ വാഴക്കുലയെക്കുറിച്ച് ചിന്താ ജെറോം തയ്യാറാക്കിയ പ്രബന്ധത്തിൽ തെറ്റായി പരാമർശിച്ചതാണ് ചർച്ചകൾക്ക് കാരണമായത്. പ്രബന്ധത്തിന് കേരള സർവകലാശാല ഡോക്ടറേറ്റ് നൽകിയെന്നതും കൂടുതൽ വിമർശനങ്ങൾക്ക് വഴിവച്ചു.
‘വാഴക്കുല ബൈ വൈലോപ്പിള്ളി’ എന്നായിരുന്നു പ്രബന്ധത്തിൽ എഴുതിയിരുന്നത്. ഗവേഷണത്തിന് മേൽനോട്ടം വഹിച്ചവരുൾപ്പെടെ ആരും തന്നെ ഈ തെറ്റ് ശ്രദ്ധിച്ചില്ലെന്നത് ഗുരുതരമായ പിഴവായതിനാൽ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് യുവജന കമ്മീഷൻ അദ്ധ്യക്ഷ നേരിടുന്നത്. ഇതിനിടെ വിഷയത്തെ പരിഹസിച്ച് നടൻ ഹരീഷ് പേരടി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റും ചർച്ചയാവുകയാണ്.
”ഡോക്ടർ ഹരീഷ് പേരടി എന്ന തലക്കെട്ടോടുകൂടി സ്വന്തം പറമ്പിൽ നിന്ന് വെട്ടിയ വാഴക്കുലയോടൊപ്പമുള്ള ഫോട്ടോയാണ് നാലാം ക്ലാസ്സ് പാസ്സാവാത്ത താരം പങ്കു വെച്ചിരിക്കുന്നത്.. അടുക്കളയിൽ നിന്നുള്ള ഫോട്ടോയായതുകൊണ്ട് ആരെയോ മനപ്പൂർവ്വം കരിവാരി തേക്കാൻ വേണ്ടിയാണ് എന്ന ചിന്തയും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്..” ഇതായിരുന്നു ഹരീഷ് പേരടിയുടെ എഫ്ബി പോസ്റ്റ്. കുറിപ്പിൽ പരാമർശിക്കുന്നതുപോലെ വാഴക്കുലയുമായുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
Comments