പനാജി: ഇന്ത്യയുടെയും ലോകത്തിന്റെയും പലഭാഗത്തുനിന്നായി ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഒരോവർഷവും ഗോവയിൽ എത്തുന്നത്. ഇത്തരത്തിലെത്തുന്ന സഞ്ചാരികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി നിർദേശങ്ങളുമായെത്തിയിരിക്കുകയാണ് ഗോവ സർക്കാർ. നിർദ്ദേശങ്ങൾ പാലിക്കാത്തവരിൽനിന്ന് 50000 രൂപവരെ പിഴ ഈടാക്കും. ഒപ്പം അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ കടകൾക്കും കെട്ടിടങ്ങൾക്കും പൂട്ട് വീഴും.
വിദേശസഞ്ചാരികളുടെ അനുമതിയില്ലാതെ അവർക്കൊപ്പം സെൽഫിയോ ഫോട്ടോയോ എടുക്കാൻ പാടില്ല. സൺ ബാത്ത് ചെയ്യുന്നവരുടെയും കടലിൽ കുളിക്കുന്നവരുടെയും സ്വകാര്യത സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്. ഗോവാ ബീച്ചിലും പ്രദേശത്തും മദ്യപിക്കാനോ ലൈസൻസില്ലാതെ ബീച്ചിൽ മദ്യവിൽപ്പന നടത്താനോ പാടില്ല. മദ്യം കഴിക്കുന്നതിനായി സഞ്ചാരികൾക്ക് ലൈസൻസോടെ പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകളും ഹോട്ടലുകളും തിരഞ്ഞെടുക്കാവുന്നതാണ്. ഇത് കൂടാതെ പൊതുസ്ഥലങ്ങളിൽ ഭക്ഷണം പാചകം ചെയ്യാനും അനുമതിയില്ല. സഞ്ചാരികൾ പൈതൃക സ്വത്തുക്കളും ചുമരെഴുത്തുകളും നശിപ്പിക്കരുതെന്നും ചെങ്കുത്ത് പ്രദേശങ്ങളിൽ കയറാനോ ഫോട്ടോ എടുക്കാനോ ശ്രമിക്കരുതെന്നും നിർദ്ദേശമുണ്ട്.
ഗോവയിൽ എത്തുന്ന സഞ്ചാരികൾക്ക് യാത്രക്കായി വാഹനങ്ങൾ വാടകയ്‌ക്ക് നൽകുന്ന നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ പലതും ഗോവാ ഗതാഗത വകുപ്പിൽ രജിസ്റ്റർ ചെയ്യാത്തവയാണ്. അത്തരക്കാരിൽനിന്ന് വിട്ടുനിൽക്കണമെന്നും സർക്കാർ കർശന നിർദ്ദേശമുണ്ട്. വാട്ടർ സ്പോർട്സ്, റിവർ ക്രൂയിസ് പോലുള്ള സേവനങ്ങൾ വിനോദസഞ്ചാരികൾ തിരഞ്ഞെടുക്കുമ്പോൾ ബുക്ക് ചെയ്യുന്നതിന് മുന്നോടിയായി ടൂറിസം വകുപ്പിൽ രജിസ്റ്റർ ചെയ്ത ട്രാവൽ ഏജന്റുമാരെ മാത്രം തിരഞ്ഞെടുക്കാനും നിർദ്ദേശമുണ്ട്.
















Comments