ഇസ്ലാമാബാദ് : പാക് ജനതയോടുള്ള ക്രൂരത തുടർന്ന് ഭരണകൂടം. പെട്രോളിനും ഡീസലിനും വിലയുയർത്തി പാക് ഭരണകൂടം. ലിറ്ററിന് 35 രൂപയാണ് ഉയർത്തിയിരിക്കുന്നത്. ഇന്ധന വിൽപന അധികൃതരുടെ നിർദേശത്തെ തുടർന്നാണ് വില വർദ്ധനവെന്ന് പാക് ധനകാര്യ മന്ത്രി ഇഷാഖ് ദാർ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന് വീണ്ടുമൊരു തിരിച്ചടിയായിരിക്കുകയാണ് ഇന്ധന വില വർദ്ധനവ്. അള്ളാഹുവാണ് പാകിസ്താന്റെ സമ്പൽസമൃദ്ധിയ്ക്ക് കാരണമെന്ന ഇഷാഖ് ദറിന്റെ പ്രസ്താവനയ്ക്ക് തൊട്ടു പിന്നാലെയാണ് ഇന്ധനവില വർദ്ധിപ്പിച്ചത്. അള്ളാഹുവിന് പാകിസ്താൻ സൃഷ്ടിക്കാൻ സാധിക്കുമെങ്കിൽ അതുപോലെ തന്നെ സംരക്ഷിക്കാനും, വികസിപ്പിക്കാനും അഭിവൃദ്ധിപ്പെടുത്താനും സാധിക്കുമെന്നായിരുന്നു ദാർ പറഞ്ഞത്.
കറൻസിയുടെ മൂല്യ തകർച്ച പാകിസ്താനെ തളർത്തിയിരിക്കുകയാണ്. ഊർജ പ്രതിസന്ധിയും ഭക്ഷണ സാമഗ്രികളുടെ ലഭ്യതക്കുറവും പരിഹരിക്കാൻ പാക് ഭരണകൂടത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രാജ്യത്തെ പ്രധാന നഗരങ്ങൾ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. ജനങ്ങൾ സർക്കാരിനെതിരെ പ്രതിഷേധവുമായി നിരത്തിലിറങ്ങുന്നതും ധാന്യ ലോറിക്ക് പിന്നാലെ പോകുന്നതുമായ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Comments