കൊച്ചി: നടനും അമ്മ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരെ അസഭ്യം പറഞ്ഞ് വീഡിയോ ഇട്ട രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ് (59), വിവേക് (30) എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി സിറ്റി സെെബർ സെൽ പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
പ്രതികളുടെ കയ്യിൽ നിന്നും നാല് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. വിനീത് ശ്രീനിവാസൻ നായകനായി അഭിനയിച്ച മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിനെ നടൻ ഇടവേള ബാബു വിമർശിച്ചതിന് പിന്നാലെയാണ് കൃഷ്ണപ്രസാദും വിവേകും അസഭ്യ വീഡിയോ പങ്കുവെച്ചത്.
നാല് ദിവസങ്ങൾക്ക് മുമ്പാണ് ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞുകൊണ്ട് ഇവർ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനെതിരേ നടൻ സെെബർ പോലീസിൽ പരാതി നൽകുകയായിരുന്നു. തന്നെയും താരസംഘടനയായ അമ്മയേയും അപമാനിക്കുന്നുവെന്ന ഇടവേള ബാബുവിന്റെ പരാതിയെ തുടർന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
Comments