ന്യൂഡൽഹി: ബിബിസിയുടെ രാഷ്‌ട്രവിരുദ്ധ ഡോക്യുമെന്ററി നിരോധിച്ചതിനെതിരെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാൻ മാത്രമാണ് ഹർജി ഉപകരിക്കൂവെന്ന് നിയമമന്ത്രി അഭിപ്രായപ്പെട്ടു.
ഗോധ്രാനന്തര കലാപത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചും പരാമർശിക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററി സുപ്രീം കോടതിയുടെ കണ്ടെത്തലുകളെ പോലും ചോദ്യം ചെയ്യുന്നതായിരുന്നു. ഈ സാഹചര്യത്തിലാണ് ബിബിസിയുടെ നീക്കം പ്രൊപ്പഗണ്ടയാണെന്നും രാഷ്‌ട്രവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഡോക്യുമെന്ററി പ്രദർശനം കേന്ദ്രസർക്കാർ നിരോധിച്ചത്. ഇതോടെ നിരോധനത്തിനെതിരെ സിപിഎമ്മും കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തുകയും നിരോധനം തടഞ്ഞ് പ്രദർശിപ്പിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുകയുമായിരുന്നു.
ഡോക്യുമെന്ററിയിൽ പരാമർശിക്കപ്പെടുന്ന കലാപത്തെക്കുറിച്ചും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്രമോദിയുടെ ഇടപെടലുകളെക്കുറിച്ചും രാജ്യത്തെ പരമോന്നത കോടതി മുന്നോട്ടുവച്ച കണ്ടെത്തലുകളെ ചോദ്യം ചെയ്യുകയാണ് ബിബിസി ചെയ്തതെങ്കിലും ഇക്കാര്യത്തിൽ വിദേശ മാദ്ധ്യമത്തിന് പിന്തുണ നൽകുന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചതിനെതിരെ കേന്ദ്രമന്ത്രിമാർ രൂക്ഷമായ ഭാഷിൽ പ്രതികരിച്ചു. ഏറ്റവുമൊടുവിൽ, നിരോധിക്കപ്പെട്ട ഡോക്യുമെന്ററി പ്രദർശിപ്പിക്കണമെന്ന ആവശ്യവുമായി ഇതേ സുപ്രീം കോടതിയിൽ ഹർജി എത്തുമ്പോൾ നീതിപീഠത്തിന്റെ വിലപ്പെട്ട സമയം പാഴാക്കുക മാത്രമാണിതെന്ന് കിരൺ റിജിജുവും വിമർശിച്ചു.
ആയിരക്കണക്കിന് വരുന്ന സാധാരണക്കാർ നീതി ലഭിക്കാൻ ഇപ്പോഴും കാത്തുനിൽക്കുമ്പോൾ കോടതിയുടെ സമയം പാഴാക്കാൻ മാത്രമേ ഈ ഹർജി ഉപകരിക്കൂവെന്നായിരുന്നു കിരൺ റിജിജുവിന്റെ പ്രതികരണം.
‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്ന പേരിൽ പുറത്തിറങ്ങിയ ബിബിസിയുടെ ഡോക്യുമെന്ററി നിരോധിച്ചിട്ടും രാജ്യത്തെ വിവിധ സർവകലാശാലകളിൽ പ്രദർശിപ്പിക്കാൻ എസ്എഫ്‌ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ ശ്രമം നടത്തിയിരുന്നു. ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സാഹചര്യത്തിൽ അടുത്തയാഴ്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പരിഗണിക്കുമെന്നാണ് സൂചന.
















Comments