ശ്രീനഗർ: ജമ്മു കശ്മീരിൽ താൻ നടന്നപോലെ ഒരു ബിജെപി നേതാവിനും നടക്കാൻ കഴിയില്ല എന്ന് വയനാട് എംപി രാഹുൽ ഗാന്ധി. കശ്മീരിൽ താൻ ആക്രമിക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കശ്മീരിലെ ജനങ്ങൾ ഗ്രനേഡുകൾക്ക് പകരം സ്നേഹമാണ് നൽകിയത്. ജമ്മു കശ്മീരിൽ ഒരു ബിജെപി നേതാവും നടന്നിട്ടുണ്ടാവില്ല, ഇനി നടക്കുകയുമില്ല എന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടു.
‘കാശ്മീരിലേക്ക് വാഹനത്തിൽ പോകണമെന്നും കാൽനടയായി പോകരുതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞിരുന്നു. 3-4 ദിവസം മുമ്പ് എന്നോട് പറഞ്ഞു, ഞാൻ കാൽനടയായി പോയാൽ ഗ്രനേഡ് എറിയുമെന്ന്. എന്നെ വെറുക്കുന്നവർക്ക് എന്റെ വെള്ള ടീ ഷർട്ടിന്റെ നിറം മാറ്റാൻ അവസരം നൽകണമെന്ന് ഞാൻ കരുതി. എന്റെ കുടുംബം എന്നെ പഠിപ്പിച്ചു, ഗാന്ധിജി എന്നെ പഠിപ്പിച്ചത് നിർഭയമായി ജീവിക്കാനാണ്. അല്ലാത്തപക്ഷം, അത് ജീവിതമല്ല. പക്ഷേ, ഞാൻ പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു. ജമ്മു കശ്മീർ ജനത എനിക്ക് ഗ്രനേഡ് നൽകിയില്ല, സ്നേഹം മാത്രമാണ് നൽകിയത്’.
‘ജമ്മു കശ്മീരിൽ ഒരു ബിജെപി നേതാവിനും ഇതുപോലെ നടക്കാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പുനൽകാൻ കഴിയും. അവർ അത് ചെയ്യില്ല, അവരെ അനുവദിക്കാത്തതുകൊണ്ടല്ല, മറിച്ച് അവർ ഭയപ്പെടുന്നതിനാലാണ്’ എന്നാണ് രാഹുൽ ഗാന്ധി പ്രസംഗിച്ചത്. അതേസമയം, ചരിത്രത്തെ കുറിച്ച് യാതൊരു അറിവും ഇല്ലാതെ സംസാരിക്കുന്ന വയനാട് എംപിയെ സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങൾ പരിഹസിക്കുകയാണ്. 1992-ൽ നരേന്ദ്രമോദി അടക്കമുള്ളവർ നടത്തിയ ഏകത യാത്രയെപ്പറ്റി രാഹുൽ ആദ്യം പഠിക്കണം. ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും മറ്റാർക്കും വിട്ടു തരില്ല എന്നുമുള്ള ശക്തമായ സന്ദേശം രാജ്യത്തുടനീളവും അന്തർദേശീയ തലത്തിലും എത്തിച്ചു കൊണ്ട് 1992-ൽ നരേന്ദ്രമോദി ശ്രീനഗറിലെ ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയർത്തിയ ചരിത്രം രാഹുലിന് മുതിർന്ന കോൺഗ്രസ് നേതാക്കളെങ്കിലും പറഞ്ഞു കൊടുക്കണമെന്ന് ജനങ്ങൾ പരിഹസിച്ചു.
Comments