ന്യൂഡൽഹി: രാജ്യത്തെ 80 കോടി ജനങ്ങൾക്ക് ആരോഗ്യ പരിരക്ഷ നൽകുന്ന ലോകത്തിലെ ആദ്യത്തെ ഏക സമ്പൂർണ്ണ സംവിധാനമാണ് ആയുഷ്മാൻ ഭാരത് പദ്ധതിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്ത് കേന്ദ്ര സർക്കാർ പുതിയ 22 ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുകൾ സ്ഥാപിച്ചു. 2014 മുതൽ രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം 387-ൽ നിന്ന് 596 ആയി ഉയർന്നതായും അമിത് ഷാ ചൂണ്ടിക്കാട്ടി. ഉജ്ജയിനിലെ ശിവ് ഗ്യാൻ മോത്തി ലാൽ കണ്ണാശുപത്രിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
80 കോടി ജനങ്ങൾക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ഏക സമ്പൂർണ്ണ സംവിധാനമാണ് ആയുഷ്മാൻ ഭാരത് പദ്ധതി. എംബിബിഎസ് സീറ്റുകളുടെ എണ്ണം 51,000 ൽ നിന്ന് 89,000 ആയും പിജി സീറ്റുകളുടെ എണ്ണം 31,000 ൽ നിന്ന് 60,000 ആയും ഉയർന്നുവെന്ന് അമിത് ഷാ വ്യക്തമാക്കി. ഇത് മോദി സർക്കാരിന്റെ അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ കോളേജുകളുടെ എണ്ണത്തിൽ 55 ശതമാനം വർദ്ധനവ്. എംബിബിഎസ് സീറ്റുകളുടെ എണ്ണത്തിൽ ഇരട്ടി വർദ്ധനവ്, എംഎസ്, എംഡി സീറ്റുകളുടെ എണ്ണത്തിൽ ഇരട്ടി വർദ്ധനവ് എന്നിവ ഇന്ത്യയുടെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെ വളരെയധികം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ എയിംസുകളിലൂടെ പാവപ്പെട്ടവർക്ക് അത്യാധുനിക വിദഗ്ധ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ദാരിദ്രരേഖയ്ക്ക് താഴെയുള്ളവർക്ക് താങ്ങാനാവുന്ന വിദഗ്ധ ചികിത്സ ലഭ്യമാക്കാനായിയാണ് 15 കോടി രൂപ ചെലവിൽ 50 കിടക്കകളുള്ള എസ്ജിഎംഎൽ കണ്ണാശുപത്രി സ്ഥാപിച്ചതെന്നും അമിത് ഷാ പറഞ്ഞു.
Comments