ന്യൂഡൽഹി: ലോക്‌സഭയിൽ ധനമന്ത്രി നിർമലാ സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. ഹരിത ഭാരതത്തിനായി വിപുലമായ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായി പി എം പ്രണാം പദ്ധതി ആരംഭിക്കും. ഹരിതോർജ്ജ വികസനം ലക്ഷ്യമിട്ട് ഗ്രീൻ ഹൈഡ്രജൻ മിഷന് 19,700 കോടി നൽകുമെന്ന് മന്ത്രി പറഞ്ഞു. പുനരുപയോഗ ഊർജം പദ്ധതികൾക്കായി ലഡാക്കിന് 8300 കോടി നീക്കിവെച്ചു. 20,700 കോടി നിക്ഷേപം കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു.
കണ്ടൽ കാട് സംരക്ഷണത്തിനായി മിഷ്ടി പദ്ധതി തുടങ്ങും. 10,000 ബയോ ഇൻപുട്ട് റിസേർച്ച് സെന്റർ സ്ഥാപിക്കും. തണ്ണീർത്തട വികസനത്തിന് അമൃത് ദരോഹർ പദ്ധതി ആരംഭിക്കും. അടുത്ത മൂന്ന് വർഷത്തിനകം ഒരു കോടി കർഷകർക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകും, പതിനായിരം ബയോ ഇൻപുട്ട് റിസോഴ്‌സ് സെന്റുറുകൾ രാജ്യത്താകെ തുടങ്ങുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി.
വരൾച്ചാ ബാധിത പ്രദേശത്ത് അപ്പർ ഭദ്ര പദ്ധതിയുടെ ഭാഗമായി 5300 കോടി രൂപയുടെ സഹായം, കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനും കുടിവെള്ളം ഉറപ്പുവരുത്താനുമാണ് പദ്ധതി. 5ജി സേവനം വ്യാപകമാക്കാനും 5 ജി ആപ്ലിക്കേഷൻ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനം നിർമലാ സീതാരാമൻ നടത്തി.
Comments