ന്യൂഡൽഹി: കേരളത്തിൽ റെയിൽവേ വികസനപദ്ധതികൾക്കായി 2033 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. അൻപത് വർഷം മുന്നിൽ കണ്ടുള്ള വികസനമാണ് റെയിൽവേ നടത്തുന്നതെന്നും കേരളത്തിലെ സമ്പൂർണവികസനം ലക്ഷ്യം വെച്ചാണ് ഈ തുക വകയിരുത്തിയിരിക്കുന്നതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
വന്ദേഭാരത് ട്രെയിൻ ഉടൻ തന്നെ കേരളത്തിന് അനുവദിക്കുമെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി. അങ്കമാലി ശബരി റെയിൽപാതക്കായി 100 കോടിയും തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 808 കോടി രൂപയും എറണാകുളം കുമ്പളം പാത ഇരട്ടിപ്പിക്കലിന് 101 കോടിയും നീക്കി വെച്ചിട്ടുണ്ട്. ഷൊർണൂർ എറണാകുളം മൂന്നാം പാത, ഗുരുവായൂർ തിരുനാവായ പാത എന്നിവയ്‌ക്കും ഫണ്ട് വകയിരുത്തി. സിൽവർലൈൻ പദ്ധതി സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാട് സുതാര്യമാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
പുതിയ പാത, പാത ഇരട്ടിപ്പിക്കൽ, മൂന്നാം പാത, റെയിൽവേ സ്റ്റേഷനുകളുടെ സമഗ്രനവീകരണം തുടങ്ങിയ പ്രവർത്തികൾക്കായാണ് കേരളത്തിന് അനുവദിച്ച തുക വിനിയോഗിക്കുക. റെയിൽവേ വികസനം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
















Comments