പനാജി : വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഗോവ സർക്കാർ നൂതന പദ്ധതികൾ ആവിഷ്‌കരിക്കുന്നു. വിനോദ സഞ്ചാര വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പുത്തൻ ഹെലിപാഡും ഹെൽപ്പ്‌ലൈൻ സേവനവും സംസ്ഥാനത്ത് ആരംഭിച്ചു. മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ടൂറിസം മന്ത്രി രോഹൻ ഖൗണ്ടെ എന്നിവരുടെ സാന്നിധ്യത്തിലാണ് പദ്ധതികൾക്ക് തുടക്കം കുറിച്ചത്.
ഗോവയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് 1364 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാനുള്ള സംവിധാനവും സർക്കാർ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർണ്ണായകമായ വികസന പ്രവർത്തനങ്ങൾ ഗോവയിൽ നടപ്പിലാക്കിയിരിക്കുന്നത്.
വികസന പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ദിവസേന രാവിലെ 11 മുതൽ വൈകുന്നേരം 4മണി വരെ ഹെലികോപ്റ്റർ സർവീസുണ്ടായിരിക്കും. സഞ്ചാരികളുടെ ഒരു റൈഡിന്റെ സമയ ദൈർഘ്യം 10-മിനിറ്റാണ്. 8000 രൂപയാണ് ഒരു റൈഡിന് ഈടാക്കുന്നത്.
വിനോദസഞ്ചാര വകുപ്പ് തുടക്കമിടുന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ 24 മണിക്കൂറും സേവനം ലഭ്യമാകുന്നതാണ്. ഇംഗ്ലീഷ്, ഹിന്ദി, മറാഠി എന്നീ മൂന്ന് ഭാഷകളിൽ സേവനം ലഭ്യമാകുമെന്ന് വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. വിനോദ സഞ്ചാരികൾക്ക് വേണ്ട എല്ലാ സഹായങ്ങളും എത്തിക്കുമെന്നും അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ സജ്ജമാണെന്നും ഗോവ സർക്കാർ വ്യക്തമാക്കി. ഗോവയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സമ്പൂർണ സുരക്ഷ ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
















Comments