ഗുവാഹത്തി: ശൈശവ വിവാഹ നിയമം ലംഘിച്ച 1800-ലധികം പേർ ഇതിനോടകം അസമിൽ അറസ്റ്റിലായിട്ടുണ്ട്. ശൈശവ വിവാഹം എന്ന ദുരാചാരത്തിൽ നിന്ന് സംസ്ഥാനത്തെ പൂർണ്ണമായും മോചിപ്പിക്കുക എന്ന ലക്ഷ്യം വെച്ചുള്ള പ്രവർത്തനമാണ് അസമിൽ കഴിഞ്ഞ ഒരു മാസത്തോളമായി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ നടപ്പാക്കി വരുന്നത്. ജനങ്ങൾക്കിടയിൽ നിന്നും വലിയ പിന്തുണയാണ് അസം സർക്കാരിന് ലഭിക്കുന്നത്. പെൺകുട്ടികൾക്ക് സ്വാതന്ത്ര്യം നൽകാനും സ്ത്രീകൾക്ക് നേരയുള്ള കടന്നു കയറ്റങ്ങൾക്ക് തടയിടുവാനും ഇത്തരം ശക്തമായ നടപടികൾ കൊണ്ട് സാധിക്കുമെന്നാണ് ജനങ്ങളുടെ പ്രതികരണം. എന്നാൽ, അസം സർക്കാരിന്റെ നടപടിയെ എതിർത്ത് രംഗത്ത് വന്നിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ്. ശൈശവ വിവാഹ നിയമം ലംഘിച്ചതിന്റെ പേരിൽ അറസ്റ്റിലായവരിലധികവും മുസ്ലിം സമുദായക്കാരാണ് എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് അസം സർക്കാരിന്റെ നടപടി അവസാനിപ്പിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെടുന്നത്.
‘സർക്കാരിന്റെ നടപടിയെ ഞങ്ങൾ ശക്തമായി എതിർക്കുന്നു. ശൈശവ വിവാഹ നിയമം സർക്കാർ ദുരുപയോഗം ചെയ്യുകയാണ്. വർഷങ്ങളായി അസം മുഖ്യമന്ത്രി എന്താണ് ചെയ്യുന്നത്?. മുമ്പ് അദ്ദേഹം ഉറങ്ങുകയായിരുന്നോ. ഇപ്പോൾ എന്തിനാണ് ഈ നിയമം നടപ്പാക്കുന്നത്. അറസ്റ്റിലായവരിൽ പലരും പണ്ട് കുറ്റം ചെയ്തിട്ടുള്ളവരാണ്. ശൈശവ വിവാഹം നടത്തിയെങ്കിലും അവർ സമാധാനത്തോടെയും സന്തോഷത്തോടെയുമാണ് ജീവിക്കുന്നത്. പോലീസ് അറസ്റ്റു ചെയ്തവരിൽ അധികവും ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ളവരാണ്. ഇത് നല്ല സൂചനയല്ല. സർക്കാർ നടപടിയിൽ ഉടനടി ഇടപെടണമെന്ന് ഞങ്ങൾ സുപ്രീം കോടതിയോടും ഗുവാഹത്തി ഹൈക്കോടതിയോടും അഭ്യർത്ഥിക്കുകയാണ്’ എന്ന് തൃണമൂൽ കോൺഗ്രസ് അസം പ്രസിഡന്റ് റിപുൻ ബോറ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അസമിലെ എല്ലാ ജില്ലകളിലെയും സൂപ്രണ്ടുമാർ ഉൾപ്പെടെയുള്ള പോലീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസിലൂടെ സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന നടപടികളെക്കുറിച്ച് അസം മുഖ്യമന്ത്രി നിർദ്ദേശങ്ങൾ നൽകിയത്. സ്ത്രീകൾക്കെതിരെയുള്ള മാപ്പ് അർഹിക്കാത്ത തെറ്റാണ് ശൈശവ വിവാഹം. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾക്കെതിരെ ഒരു തരത്തിലുള്ള സഹിഷ്ണുതയും സർക്കാരും പോലീസും കാണിക്കില്ല എന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കിയിരുന്നു.
Comments