തിരുവനന്തപുരം: കൃഷി മന്ത്രി പി.പ്രസാദിന്റെയും സംഘത്തിന്റെയും ഇസ്രയേൽ സന്ദർശനം തടഞ്ഞതിന് പിന്നിൽ സിപിഎം കേന്ദ്ര നേതൃത്വം. ഇസ്രായേൽ സന്ദർശനം ഇടത് നയത്തിന് വിരുദ്ധമാണെന്നും യാത്ര തടയണമെന്നും സിപിഎം നേതൃത്വം സിപിഐ കേന്ദ്ര നേതൃത്വത്തിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി പി പ്രസാദിന്റെ യാത്ര തടഞ്ഞത്.
സിപിഐ നേതൃത്വം അറിയാതെയാണ് പി.പ്രസാദ് ഇസ്രായേൽ യാത്രയ്‌ക്ക് തയാറെടുത്തത് എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. പാർട്ടി നേതൃത്വത്തെ അറിയിക്കാത്തതിനാൽ സിപിഐ ഇടപെട്ട് മുഖ്യമന്ത്രിയെക്കൊണ്ട് അനുമതി നിഷേധിപ്പിക്കുകയായിരുന്നു എന്നും വാർത്തകൾ വന്നു. എന്നാൽ ഇതിന് പിന്നിലെ സിപിഎം ഇടപെടൽ ഇപ്പോഴാണ് പുറത്തുവരുന്നത്.
ഇസ്രായേൽ- പാലസ്തീൻ സംഘർഷത്തിൽ പലസ്തീന്റെ പക്ഷത്താണ് സിപിഎം ഉൾപ്പെടെയുള്ള ഇന്ത്യയിലെ ഇടത് പാർട്ടികൾ. പലസ്തീനിൽ ഇസ്രായേൽ അധിനിവേശം നടത്തുന്നു എന്നാണ് ഇവരുടെ വാദം. ഡിവൈഎഫ്‌ഐ അടക്കമുള്ള യുവജന സംഘടനകൾ എല്ലാകാലത്തും ഇസ്രായേലിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
ഇസ്രയേലിലെ ആധുനികവും ചെലവ് കുറഞ്ഞതുമായ കൃഷിരീതി പഠിക്കുന്നതിനാണ് വിശ്വസ്തരായ ഉദ്യോഗസ്ഥരെയും മാദ്ധ്യമ പ്രവർത്തകരെയും ഉൾപ്പെടുത്തി യാത്ര നിശ്ചയിച്ചത്.
Comments