ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി വിക്ടോറിയ ഗൗരി ചുമതലയേൽക്കുന്നത്
തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീംകോടതി. കോളീജിയം തീരുമാനം പുന:പരിശോധിക്കാൻ കോടതിയ്ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി രണ്ടംഗ ബെഞ്ച് പറഞ്ഞു. രാഷ്ട്രീയ ബന്ധം ഉണ്ടായിരുന്നവരെ മുൻപും ജഡ്ജിയായി നിയമിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഉൾപ്പെടെയുള്ളവർ ഇതിന് ഉദാഹരണമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹർജികൾ അംഗീകരിച്ചാൽ ഇത്തരം പരാതികൾ ഇനിയും വന്നുകൊണ്ടേയിരിക്കുമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബി.ആർ ഗവായ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വാദം കേട്ടത്. വാദം നടക്കുന്നതിനിടയിൽ വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ജനുവരി 17നാണ് വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തത്. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് ഒരു വിഭാഗം അഭിഭാഷകർ ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വിക്ടോറിയ മുൻ ബിജെപി നേതാവാണെന്നും രാഷ്ട്രീയ പ്രതികരണങ്ങൾ നടത്തിയിരുന്നതായും ആരോപിച്ചായിരുന്നു ഹർജി.
Comments