ചെന്നൈ: മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി വിക്ടോറിയ ഗൗരി ചുമതലയേറ്റു. ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് മണീശ്വർ നാഥ് ബന്ധാരി സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ട് വർഷത്തേക്കാണ് കാലാവധി.
അതേസമയം അഡീഷണൽ ജഡ്ജിയായി വിക്ടോറിയ ഗൗരി ചുമതലയേൽക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. കൊളീജിയം തീരുമാനം പുന:പരിശോധിക്കാൻ കോടതിയ്ക്ക് അധികാരമില്ലെന്നും രാഷ്ട്രീയ ബന്ധം ഉണ്ടായിരുന്നവരെ മുൻപും ജഡ്ജിയായി നിയമിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഉൾപ്പെടെയുള്ളവർ ഇതിന് ഉദാഹരണമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജിയിലെ വാദങ്ങൾ അംഗീകരിച്ചാൽ ഇത്തരം പരാതികൾ ഇനിയും വന്നുകൊണ്ടേയിരിക്കുമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബി.ആർ ഗവായ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വാദം കേട്ടത്.
ജനുവരി 17നാണ് വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തത്. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് ഒരു വിഭാഗം അഭിഭാഷകർ ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വിക്ടോറിയ മുൻ ബിജെപി നേതാവാണെന്നും രാഷ്ട്രീയ പ്രതികരണങ്ങൾ നടത്തിയിരുന്നതായും ആരോപിച്ചായിരുന്നു ഹർജി.
Comments