അഗർത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ പ്രകടന പത്രിക പുറത്തിറക്കി ബിജെപി. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും മുഖ്യമന്ത്രി മണിക് സാഹയും ചേർന്ന് പുറത്തിറക്കിയ പ്രകടന പത്രികയിൽ സ്ത്രീ ശാക്തീകരണം, വികസനം എന്നിവയ്ക്കാണ് പ്രാധാന്യം. ത്രിപുര ട്രൈബൽ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലിന് (ടിടിഎഎഡിസി) കൂടുതൽ സ്വയംഭരണം നൽകുമെന്നും പ്രകടന പത്രികയിലുണ്ട്. മറ്റ് പാർട്ടികൾ പ്രകടന പത്രിക പുറത്തിറക്കുമ്പോൾ അവരുടെ പാർട്ടി പ്രവർത്തകർ പോലും അത് ഗൗരവമായി എടുക്കുന്നില്ല. എന്നാൽ, ബിജെപിയുടെ പ്രകടന പത്രിക വെറും കടലാസ് കഷ്ണങ്ങൾ മാത്രമല്ല എന്നും അത് ജനങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണെന്നും ജെ.പി.നദ്ദ പറഞ്ഞു.
‘സങ്കൽപ് പത്ര’ എന്ന പേരിലാണ് ബിജെപി പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഓരോ കുടുംബത്തിനും പെൺകുഞ്ഞിന് ജന്മം നൽകുമ്പോൾ ബാലികാ സ്മൃതി പദ്ധതി പ്രകാരം 50,000 രൂപ ധനസഹായം നൽകുമെന്ന് ബിജെപി ഉറപ്പ് നൽകുന്നു. കൂടാതെ, മുഖ്യമന്ത്രി കോന്യ ആത്മനിർഭോർ യോജനയ്ക്ക് കീഴിൽ യോഗ്യതയുള്ള കോളേജ് വിദ്യാർത്ഥിനികൾക്ക് സ്മാർട്ട് ഫോണുകളും മുഖ്യമന്ത്രി യുവ യോഗയോഗ് യോജനയ്ക്ക് കീഴിൽ യോഗ്യതയുള്ള വിദ്യാർത്ഥിനികൾക്ക് കോളേജിൽ പോകുന്നതിന് സ്കൂട്ടറുകളും നൽകും.
നിർദ്ദിഷ്ട ഭരണഘടന (125-ാം ഭേദഗതി) ബില്ലിന്റെ ചട്ടക്കൂടിനുള്ളിൽ അധിക ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ്, അഡ്മിനിസ്ട്രേറ്റീവ്, സാമ്പത്തിക അധികാരങ്ങൾക്കൊപ്പം ടിടിഎഎഡിസിക്ക് കൂടുതൽ സ്വയംഭരണാവകാശം നൽകുമെന്നും ത്രിപുര ജനജാതി ബികാഷിന് കീഴിൽ ഓരോ ആദിവാസി കുടുംബത്തിനും 5,000 രൂപ വാർഷിക ധനസഹായം നൽകുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ എല്ലാ ഗുണഭോക്താക്കൾക്കും രണ്ട് എൽപിജി സിലിണ്ടറുകൾ, എല്ലാ പിഡിഎസ് ഗുണഭോക്താക്കൾക്കും അരിയും ഗോതമ്പും എല്ലാ മാസവും സൗജന്യമായി വിതരണം ചെയ്യുമെന്നും ബിജെപി ഉറപ്പ് നൽകി.
പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിൽ രജിസ്റ്റർ ചെയ്ത എല്ലാ ഗുണഭോക്താക്കൾക്കും 2025-ഓടെ വീടുകൾ, ജൽ ജീവൻ മിഷന്റെ കീഴിലുള്ള എല്ലാ വീടുകളിലും 2024-ഓടെ കുടിവെള്ള കണക്ഷൻ, ആയുഷ്മാൻ ഭാരതിന് കീഴിൽ ഓരോ കുടുംബത്തിനും 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വാർഷിക പരിധി ഇരട്ടിയാക്കൽ എന്നിവയും പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Comments