ന്യുഡൽഹി: മോദിയെ പ്രകീർത്തിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ. യുക്രെയ്ൻ റഷ്യാ യുദ്ധത്തിന്റെ ദുഷ്കരമായ സാഹചര്യത്തിൽ ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി20 വിജയത്തിനായി ഞങ്ങൾ പ്രവർത്തിക്കുന്നു, എയർബസുമായുള്ള എയർ ഇന്ത്യയുടെ 250 വിമാന കരാർ പ്രഖ്യാപിക്കുന്നതിനുള്ള നേതാക്കളുടെ വെർച്വൽ മീറ്റിംഗിൽ മാക്രോൺ പറഞ്ഞു. ‘മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയ്ക്ക് ലോകത്തെ മുഴുവൻ ഈ പ്രശ്ന പരിഹാരത്തിനായി അണിനിരത്താൻ കഴിയും, ഈ യുഗം യുദ്ധത്തിന്റെതല്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വർഷം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനോട് പറഞ്ഞിരുന്നെന്നും മാക്രോൺ കൂട്ടിചേർത്തു.
കഴിഞ്ഞ വർഷം സമർഖണ്ഡിൽ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മോദി നടത്തിയ പരസ്യ പരാമർശങ്ങൾ ലോക നേതാക്കൾ സ്വാഗതം ചെയ്യുകയും ഇന്തോനേഷ്യയിലെ ജി-20 പ്രഖ്യാപനത്തിൽ പോലും പരാമർശിക്കുകയും ചെയ്തു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ആഴത്തിലുള്ള തന്ത്രപരവും സൗഹൃദപരവുമായ പങ്കാളിത്തത്തിന്റെ നാഴികക്കല്ലുകളിൽ ഒന്നാണ് 250 വിമാനങ്ങൾ വാങ്ങുന്നതിനുള്ള എയർബസുമായുള്ള എയർഇന്ത്യ കരാർ എന്ന് മാക്രോൺ പറഞ്ഞു.
എയർബസും സഫ്രാൻ ഉൾപ്പെടെയുള്ള അതിന്റെ പങ്കാളികളും ഇന്ത്യയുമായുള്ള സഹകരണത്തിന്റെ പുതിയ മേഖലകൾ വികസിപ്പിക്കാൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണെന്നും ബഹിരാകാശം മുതൽ സൈബർ മേഖല വരെ, പ്രതിരോധം മുതൽ സംസ്കാരം, തുടങ്ങി വിവിധ മേഖലകളിൽ ഞങ്ങൾ ഇന്ത്യയുമായി ചേർന്ന് വളരെയധികം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെയും ഇന്ത്യൻ ജനതയുടെയും സാധ്യതകൾ കണക്കിലെടുത്ത് കൂടുതൽ മുന്നോട്ട് പോകാനുള്ള ചരിത്രപരമായ അവസരമാണിതെന്നും എയർ ഇന്ത്യയ്ക്ക് കൈമാറുന്ന പുതിയ 250 വിമാനങ്ങൾ ഈ ദിശയിലുള്ള ഒരു ചുവടുവെപ്പായിരിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ കൂട്ടിചേർത്തു.
Comments