കൊഹിമ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാഗാലാൻഡ് സന്ദർശിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബാർല. നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ബിജെപിയുടെ സ്ഥാനാർത്ഥി വി കാഷിഹോ സാങ്താമിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിനായാണ് കിഫിർ ജില്ലയിലെ സെയോചുങ് ആസ്ഥാനത്ത് അദ്ദേഹം എത്തിയത്.
ന്യൂനപക്ഷകാര്യ സഹമന്ത്രി എന്ന നിലയിൽ, നാഗാലാൻഡ് സന്ദർശിച്ച് നാഗാലാൻഡിലെ ജനങ്ങൾക്ക് പ്രതീക്ഷയുടെയും സമാധാനത്തിന്റെയും സന്ദേശം കൈമാറാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചുവെന്ന് പ്രചാരണത്തിന് അഭിസംബോധന ചെയ്യവെ കേന്ദ്രമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൂടുതൽ വികസനം കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഒറ്റക്കെട്ടായിരിക്കണമെന്ന് ജോൺ ബാർല അഭ്യർത്ഥിച്ചു. എല്ലാവരോടും കൈകോർത്ത് പ്രവർത്തിക്കാനും ജനങ്ങൾക്ക് ഏറ്റവും മികച്ചത് നൽകാനും ഒരു നല്ല നാളേക്ക് വേണ്ടി ശരിയായ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനും കേന്ദ്രമന്ത്രി പറഞ്ഞു.
സെയോചുങ് സിതിമി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി വി കാഷിഹോ സാംഗ്താമിന്റെ നേതൃത്വത്തിൽ വിദ്യഭ്യാസ മേഖലയ്ക്ക് പുത്തനുണർവ്വേകും. മേഖലയിൽ ഒരു റസിഡൻഷ്യ സ്കൂൾ സ്ഥാപിക്കും, നഴ്സറി മുതൽ ഉന്നത വിദ്യാഭ്യാസം വരെ സൗജന്യ വിദ്യാഭ്യാസം നൽകും, ജനങ്ങൾക്ക് ഉപകാരപ്രദമായ അതിഥി മന്ദിരത്തോടുകൂടിയ ഒരു കമ്മ്യൂണിറ്റി ഹാൾ ഉണ്ടാക്കും, മാർക്കറ്റ് കോംപ്ലക്സ്, സ്റ്റേഡിയം എന്നിവ നിർമ്മിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ഉപമുഖ്യമന്ത്രിയും ബിഎൽപി പാർട്ടി നേതാവുമായ വൈ പാറ്റൺ, ദേശീയ ബിജെപി വക്താവ് നളിന്ദ് കോഹ്ലി, ബിജെപി സ്ഥാനാർഥി കസെറ്റോ കിനിമി എന്നിവരും കേന്ദ്രമന്ത്രിയോടൊപ്പമുണ്ടായിരുന്നു. നാഗാലാൻഡിലെ 60 സീറ്റിൽ 20 മണ്ഡലങ്ങളിൽ ബിജെപി മത്സരിക്കും. നാഗാലാൻഡിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഫെബ്രുവരി 27 ന് ഒറ്റ ഘട്ടമായി നടക്കും. മാർച്ച് രണ്ടിനാകും ഫലപ്രഖ്യാപനമുണ്ടാകുക.
Comments