ഭോപ്പാൾ : രേവ വിമാനത്താവളം യാഥാർഥ്യമാകുന്നു. മദ്ധ്യപ്രദേശിലെ രേവ ജില്ലയിൽ നിർമ്മിക്കുന്ന ചോർഹാട്ട വിമാനത്താവളത്തിന്റെ തറക്കല്ലിടൽ ചടങ്ങ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിർവഹിച്ചു. ‘വിന്ധ്യയും ബഗേൽഖണ്ഡും വികസനത്തിന്റെ പാതയിലെത്തിയിരിക്കുകയാണ്. വിന്ധ്യ മേഖലയുടെ വർഷങ്ങളായുള്ള സ്വപ്നം സാക്ഷാത്കരിക്കാൻ പോകുകയാണ്’. തറക്കല്ലിട്ട ശേഷം നടന്ന വനിതാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നൂ അദ്ദേഹം.
വിമാനത്താവളം പ്രവർത്തനം ആരംഭിച്ചാൽ വിന്ധ്യ മേഖല അതിവേഗം വികസിക്കും. വിന്ധ്യ മേഖലയിൽ വ്യവസായത്തിന് വലിയ സാധ്യതകളുണ്ടെന്നും പുതിയ തൊഴിലവസരങ്ങളും ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഭോപ്പാലിൽ നിന്ന് സാഗർ, ദാമോ, സത്ന, രേവ , സിദ്ധി വഴി സിംഗ്രൗലി വരെയുളള എക്സ്പ്രസ് വേയുടെ നിർമാണം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി ചൗഹാൻ അറിയിച്ചു. യുവാക്കളുടെ സാമ്പത്തിക ഭദ്രതയ്ക്കായി അനേകം തൊഴിലവസരങ്ങൾ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നടപ്പിലാക്കും. ബിജെപി സർക്കാർ ഏറ്റവും വലിയ സോളാർ പ്ലാന്റും ബൻസാഗർ അണക്കെട്ടും വിന്ധ്യയ്ക്ക് സമർപ്പിച്ചിരിക്കുകയാണെന്നും’. മുഖ്യമന്ത്രി വ്യക്തമാക്കി.
747 കോടി രൂപയുടെ 32 വികസന പ്രവർത്തനങ്ങളുടെ ഭൂമിപൂജയും അദ്ദേഹം നിർവഹിച്ചു. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു. രേവ ജില്ലയിലെ വികസന രേഖകളും വ്യാവസായിക നിക്ഷേപത്തിനായി നടത്തുന്ന ‘ രേവ ചലോ അഭിയാന്റെ’ ലോഗോയും ചടങ്ങിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
മുഖ്യമന്ത്രി തീർഥദർശൻ യോജന പ്രകാരം തീർഥാടകർ ഇനി വിമാനത്തിൽ യാത്രചെയ്യുമെന്നും ‘രാജ്യത്തിനാകെ മഹത്വം കൊണ്ടുവന്ന പ്രദേശമാണ് വിന്ധ്യ, വിന്ധ്യയ്ക്ക് ഒരു വിമാനത്താവളം നൽകേണ്ടത് എന്റെ കടമയാണെന്നു ചടങ്ങിൽ മുഖ്യ അഥിതിയായിരുന്ന കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 60 വർഷത്തിനിടെ 74 വിമാനത്താവളങ്ങൾ നിർമ്മിച്ചു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലത്ത് ഒമ്പത് വർഷത്തിനുള്ളിൽ 74 വിമാനത്താവളങ്ങൾ നിർമ്മിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു. 300 കോടി രൂപയുടെ വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ രേവയിൽ ഉടൻ ആരംഭിക്കുമെന്നും കുറഞ്ഞ വരുമാനമുള്ള ജനങ്ങൾക്ക് യാത്ര ചെയ്യാനുള്ള അവസരം ചോർഹാട്ട വിമാനത്താവളത്തിൽ നിന്നും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments