തിരുവനന്തപുരം: ആർഎസ്എസ് – ജമാഅത്തെ ഇസ്ലാമി ചർച്ചാ വിവാദങ്ങളിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുസ്ലിം ലീഗ് പോലുള്ള വർഗീയ ശക്തികൾ മുസ്ലിം സമുദായത്തെ അവരുടെ അട്ടിപ്പേറാക്കി വെച്ചിരിക്കുകയാണെന്ന് സുരേന്ദ്രൻ തുറന്നടിച്ചു. ഇത്തരം ചർച്ചകൾ നാട്ടിൽ നല്ല അന്തരീക്ഷം സൃഷ്ടിക്കാൻ വഴിയൊരുക്കും എന്നതാണ് ബിജെപിയുടെ കാഴ്ചപ്പാട് എന്നും സുരേന്ദ്രൻ പറഞ്ഞു. ലൈഫ് മിഷൻ കോഴ കേസിലും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പ്രതികരിച്ചു.
‘മുസ്ലിം ലീഗിനെ പോലുള്ള വർഗീയ ശക്തികൾ മുസ്ലിം സമുദായത്തെ അവരുടെ അട്ടിപ്പേറാക്കി വെച്ചിരിക്കുകയാണ്. എന്നാൽ അതല്ല സത്യം. പല തരത്തിലുള്ള ചിന്താഗതിക്കാർ നമ്മുടെ നാട്ടിലുണ്ട്. എല്ലാവരും ഒരുമിച്ച് പോകണമെന്ന് ചിന്തിക്കുന്നത് തെറ്റൊന്നുമല്ല. അതിനെ തുരങ്കം വെയ്‌ക്കുന്നവർ ഇക്കാലമത്രയും മുസ്ലിം വോട്ടു ബാങ്കിനെ അവരുടെ രാഷ്‌ട്രീയ വളർച്ചയ്‌ക്കു വേണ്ടി ഉപയോഗിച്ചവരാണ്. അത് നഷ്ടപ്പെടുമോ എന്ന ഭയമാണ് ഈ പ്രചാരണത്തിനെല്ലാം പിന്നിൽ. ഇത്തരം ചർച്ചകൾ നാട്ടിൽ നല്ല അന്തരീക്ഷം സൃഷ്ടിക്കാൻ വഴിയൊരുക്കും എന്നതാണ് ബിജെപിയുടെ നിലപാട്’.
‘പിണറായി വിജയനും സി.എം രവീന്ദ്രനും രണ്ട് ശരീരമാണെങ്കിലും ഒരു ആത്മാവാണ്. പിണറായി വിജയന്റെ എല്ലാ ഇടപാടുകൾക്കും ചുക്കാൻ പിടിക്കുന്നത് രവീന്ദ്രനാണ്. സിപിഎമ്മും സർക്കാരും നടത്തികൊണ്ടിരിക്കുന്ന എല്ലാ തട്ടിപ്പുകളുടെയും സൂത്രധാരനാണ് അദ്ദേഹം. സ്വപ്‌നയ്‌ക്ക് ജോലി വാങ്ങി നൽകിയതും സ്വപ്‌നയെ കൊണ്ട് കള്ളക്കടത്തു നടത്തിയതും തട്ടിപ്പ് സംഘങ്ങളെ ഉപയോഗിച്ച് പണം ഉണ്ടാക്കിയതും മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും അറിഞ്ഞുകൊണ്ടാണ്. ചാറ്റുകൾ പുറത്തു വന്നതോടെ മുഖ്യമന്ത്രിക്ക് ഒരു ന്യായീകരണവും പറയാൻ കഴിയില്ല. അതുകൊണ്ടാണ് ഇത്രയും ദിവസമായിട്ടും മുഖ്യമന്ത്രി ഒരക്ഷരം പോലും മിണ്ടാത്തത്’ എന്നും സുരേന്ദ്രൻ പറഞ്ഞു.
















Comments