ന്യൂഡൽഹി: ഇന്ത്യയിലെ ജോർജ് സോറോസിന്റെ വലംകൈ സലിൽ ഷെട്ടിയും രാഹുൽ ഗാന്ധിയും ഒത്തുള്ള ചിത്രങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള യുഎസ് വ്യവസായി ജോർജ് സോറോസിന്റെ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ഇരുവരുടെയും ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. 2022 ഒക്ടോബർ 11-ന് സോറോസിന്റെ എൻജിഒ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷന്റെ ഉപാദ്ധ്യക്ഷൻ സലിൽ ഷെട്ടി ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം നടക്കുന്ന ചിത്രങ്ങളാണ് സമൂഹമാദ്ധ്യമത്തിൽ ചർച്ചയായിരിക്കുന്നത്. ഇതോടെ ജോർജ് സോറോസും രാഹുൽ ഗാന്ധിയും തമ്മിലുള്ള ബന്ധം പുറത്തായിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് സോറോസ് വിവാദ പരാമർശം നടത്തിയത്. എന്നാൽ ഇതിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തു വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള യുഎസ് വ്യവസായി ജോർജ് സോറോസിന്റെ പ്രസ്താവന വിദേശ ഗൂഢാലോചനയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാത്രമല്ല, ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ആഗ്രഹമാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. ജോർജ് സോറോസ് ഒരു സാമ്പത്തിക യുദ്ധ കുറ്റവാളി ആണെന്നും സ്മൃതി ഇറാനി ആരോപിച്ചു. ഇന്ത്യ ഇതിനകം തന്നെ സാമ്രാജ്യത്വ പദ്ധതികളെ പരാജയപ്പെടുത്തിയിട്ടുണ്ടെന്നും അത് വീണ്ടും ആവർത്തിക്കുമെന്നും സോറോസ് അറിഞ്ഞിരിക്കേണ്ടതുണ്ട് . ഇന്ത്യയിൽ ജനാധിപത്യം വിജയിക്കും. ഇന്ത്യൻ ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള ഈ ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ശക്തിമായി നേരിടുമെന്നും സ്മൃതി ഇറാനി പ്രതികരിച്ചു.
നേരത്തെ സിഎഎ, ആർട്ടിക്കിൾ 370 നീക്കം ചെയ്യൽ എന്നിവയിലും ഇന്ത്യക്കെതിരെ സോറോസ് പ്രസ്താവനകൾ ഇറക്കിയിരുന്നു. ഇതിനെതിരെ അന്ന് തന്നെ ശക്തമായ രീതിയിൽ പ്രതിഷേധവും ഉയർന്നിരുന്നു. 92-കാരനായ ജോർജ് സോറോസ് ലോകത്തിലെ ഏറ്റവും ധനികരായ ജൂതനാണ്. രണ്ടാം ലോകമഹായുദ്ധ സമയത്ത് ഹംഗറി രാജ്യം വിട്ടുപോകാൻ നിർബന്ധിതനായ വ്യക്തിയാണ്. 1947-ൽ ലണ്ടനിലെത്തി. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ധനതത്ത്വശാസ്ത്രം പഠിച്ചു. ഫോർബ്സ് മാഗസിൻ റിപ്പോർട്ട് പ്രകാരം 1992 സെപ്റ്റംബർ 16 ന് ബ്രിട്ടീഷ് കറൻസി പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. ജോർജ് സോറോസാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു. അതുകൊണ്ട് അയാളെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അന്തകൻ എന്നാണ് വിളിക്കുന്നത്.
Comments