ശ്രീനഗർ : ശ്രീനഗറിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസർ ചാരു സിൻഹ രണ്ടര വർഷത്തെ ഭരണം പൂർത്തീകരിച്ചു. വിജയകരമായി കാലാവധി പൂർത്തിയാക്കിയ ശേഷം ഹൈദരാബാദിലേയ്‌ക്ക് സ്ഥലംമാറുന്ന ചാരു സിൻഹയ്‌ക്ക് സിആർപിഎഫ് യാത്രയയപ്പ് നൽകി. ചാരു സിൻഹയുടെ ഭരണകാലത്ത്, ഈ പ്രദേശം വലിയ ഐക്യത്തിനും സമാധാനത്തിനും സാക്ഷ്യം വഹിച്ചു. മേഖലയിലെ സുരക്ഷയ്‌ക്കും സമാധാനത്തിനും അവർ വളരെയധികം സംഭാവന നൽകിയിട്ടുണ്ടെന്ന് സിആർപിഎഫ് ശ്രീനഗർ സെക്ടറിലെ ഉന്നത ഉദ്യോഗസ്ഥർ യാത്രയയപ്പ് വേളയിലെ അനുമോദന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
പ്രാദേശിക സമൂഹവുമായി ശക്തമായ ബന്ധം വളർത്തിയെടുക്കുന്നതിനുള്ള സിൻഹയുടെ ശ്രമങ്ങൾ സിആർപിഎഫിനും പ്രാദേശിക ജനങ്ങൾക്കും ഇടയിൽ വിശ്വാസവും സഹകരണവും വളർത്തിയെടുക്കാൻ സഹായിച്ചെന്ന് സിആർപിഎഫ് വക്താവ് പറഞ്ഞു.
കശ്മീരിലെ ജനങ്ങളിൽ തനിക്ക് വിശ്വാസമുണ്ടെന്നും സിൻഹ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ആത്മാർത്ഥമായ അവരുടെ ജീവിതരീതി അവസാനിക്കാത്ത സമാധാനത്തിന്റെ യുഗത്തിലേക്ക് കശ്മീരിനെ നയിക്കും. സാമൂഹികസേവനത്തിന്റെ ഈ പ്രത്യേക കാലയളവ് തനിക്ക് വളരെയധികം മൂല്യമുള്ള ഒരു പഠനാനുഭവമാണെന്നും അവർ അഭിപ്രായപ്പെട്ടു. കശ്മീർ എപ്പോഴും തന്റെ വീടും കശ്മീരികൾ തന്റെ കുടുംബവുമായിരിക്കുമെന്നും സിൻഹ കൂട്ടിച്ചേർത്തു.
Comments