ദേവീ മാഹാത്മ്യ പാരായണമഹിമ

Published by
Janam Web Desk

പരാശക്തിയായ ഭദ്രകാളി ഭാഗം 2

ദേവീ സംബന്ധമായ രണ്ട് ഉത്കൃഷ്ട കൃതികളാണ് ദേവീ മാഹാത്മ്യവും ദേവീ ഭാഗവതവും. 18 പുരാണങ്ങളിൽ ഒന്നാണ് ഭഗവതമെന്ന് നാമകരണം നൽികിയിരിക്കുന്ന ദേവീഭാഗവതം . 12 സ്‌കന്ധങ്ങളുഉള്ള പ്രസ്തുത കൃതിയിൽ ദേവീമാഹാത്മ്യവും തത്വങ്ങളും സ്തുതികളും പല അദ്ധ്യായങ്ങളിലായി കാണാം. ദൈനം ദിന പാരായണത്തിന് പ്രേരിപ്പിക്കുന്ന ഉത്കൃഷ്ട കൃതിയാണ് ദേവീ മാഹാത്മ്യം . മാർക്കണ്ഡേയ പുരാണത്തിൽ നിന്നെടുത്തതാണ് ഇതിലെ ഉള്ളടക്കം.
മധു-കൈടഭർ, മഹിഷാസുരൻ, ശുംഭ-നിശുംഭന്മാർ എന്നീ അസുരന്മാരെ പരാശക്തി നിഗ്രഹിക്കുന്നത് പ്രസ്തുത കൃതിയിൽ വിശദമാക്കിയിട്ടുണ്ട്. ഭദ്രകാളിയുടെ ഉഗ്രരൂപത്തെ ശുംഭ-നിശുംഭ നിഗ്രഹത്തോടനുബന്ധിച്ചു കാണാം. ഇതിൽ ഭദ്രകാളിയെ ഇങ്ങിനെ വർണ്ണിക്കുന്നു
ചണ്ഡൻ, മുണ്ഡൻ എന്നീ അസുരന്മാർ യുദ്ധം ചെയ്യാനെത്തിയപ്പോൾ, ദേവി കോപിഷ്ടയി. അപ്പോൾ കയ്യിൽ വാളും പാശവും ധരിച്ച്നെറ്റിയിൽ നിന്ന് അതി ഭയാനകമുഖത്തോട് കൂടി ഭദ്രകാളി അവതരിച്ചു. ചണ്ഡ- മുണ്ഡന്മാരുമായി അതിഭയങ്കരമായ യുദ്ധം നടത്തി അവസാനം അവരെ നിഗ്രഹിച്ചു. അവരുടെ ശിരസ്സ് പരാശക്തിയുടെ മുന്നിൽ സമർപ്പിച്ചു. അപ്പോൾ ശക്തി സ്വരൂപിണയായ ദേവി “ചാമുണ്ഡി” എന്ന പേരും നൽകി.
ദേവീ മാഹാത്മ്യം നിത്യപാരായണത്തിനുതകുന്ന വിധത്തിൽ ചെറുതാണ്. 13 അധ്യായങ്ങൾ ഉണ്ടെങ്കിലും അവയിലെ ഭാഷ ലളിതമാണ്. 13 അധ്യായങ്ങളും ഒരു ദിവസം കൊണ്ട് തന്നെ പാരായണം ചെയ്തു പൂർത്തിയാക്കാം. ഏകാഗ്രതയും ശ്രദ്ധയും താത്പര്യം വേണമെന്ന് മാത്രം. ഭരണി പോലെയുള്ള വിശേഷ ദിവസങ്ങളിൽ ഒറ്റ ദിവസം കൊണ്ട് പാരായണം പൂർത്തിയാക്കുന്നതാണ് ശ്രേഷ്ഠം. അധ്യായങ്ങൾ വിഭജിച്ചും പാരായണം ചെയ്യാം.

ഒരു ഞായറാഴ്ച തുടങ്ങുകയും ശനിയാഴ്ച അവസാനിക്കുകയും ചെയ്യുന്ന വിധത്തിൽ അധ്യായങ്ങൾ വിഭജിച്ചു പാരായണം ചെയ്യുന്നതും നല്ലതാണ്.

ഞായർ – ഒന്നാം അദ്ധ്യായം
തിങ്കർ – രണ്ടും മൂന്നും അദ്ധ്യായങ്ങൾ
ചൊവ്വ – നാലാം അദ്ധ്യായം
ബുധൻ – അഞ്ച് ആറ് ഏഴ് എട്ട് എന്നീ അദ്ധ്യായങ്ങൾ
വ്യാഴം – ഒൻപത് പത്ത് എന്നീ അദ്ധ്യായങ്ങളും
വെള്ളി – പതിനൊന്നാം അദ്ധ്യായം
ശനി – 12 ,13 അദ്ധ്യായങ്ങൾ

(ഞായറാഴ്ച ഒന്നാം അദ്ധ്യായം, തിങ്കൾ -രണ്ടും മൂന്നും അധ്യായങ്ങൾ ,ചൊവ്വ നാലാം അദ്ധ്യായം, ബുധൻ അഞ്ചു ആറ് ഏഴ് എട്ട് എന്നീ അദ്ധ്യായങ്ങൾ, വ്യാഴം -ഒൻപത്, പത്ത് എന്നീ അദ്ധ്യായങ്ങളും, വെള്ളി പതിനൊന്നാം അദ്ധ്യായം , ശനി 12 ,13 അധ്യായങ്ങൾ. ) ഈ ക്രമത്തിൽ നിത്യവും പാരായണം ചെയ്താൽ ഒരാഴ്ച കൊണ്ട് ദേവീ മാഹാത്മ്യം മുഴുവൻ പാരായണം ചെയ്തു തീരും.

നിത്യവും ദേവീ മാഹാത്മ്യം പാരായണം ചെയ്യുന്ന ഭവനത്തിൽ ദേവീസാന്നിധ്യം ഉണ്ടാകുമെന്ന് ദേവി തന്നെ അരുളിയിരിക്കുന്നു. ആഗ്രഹങ്ങൾ സാധിക്കാനുണ്ടെങ്കിൽ ആ പ്രാർത്ഥനയോടുകൂടി ദേവീ മാഹാത്മ്യം പാരായണം ചെയ്താൽ ആഗ്രഹം സഫലമാകുമെന്നാണ് വിശ്വാസം.

പന്ത്രണ്ടാം അധ്യായത്തിൽ ദേവി തന്നെ ദേവീമാഹാത്മ്യ പാരായണം കൊണ്ടുള്ള ഗുണങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ചുരുക്കം ഇതാണ്. ദേവീ മാഹാത്മ്യം പാരായണം ചെയ്താൽ സർവ്വ പാപങ്ങളും നശിക്കും. പ്രിയപ്പെട്ടവരോടുള്ള വേർപാട്, ദാരിദ്ര്യം എന്നിവ ഉണ്ടാകില്ല .ശത്രുക്കളിൽ നിന്നും കള്ളന്മാരിൽ നിന്നും ഭയം ഉണ്ടാകുകയും ഇല്ല. ആയുധങ്ങൾ, അഗ്‌നി, ജലപ്രവാഹം എന്നിവ മൂലമുണ്ടാകാവുന്ന വിഷമതകളും ബാധിക്കുകയില്ല .ദേവീ മാഹാത്മ്യം പാരായണം ചെയ്യുന്നവർ ദുഷ്കർമ്മങ്ങളിൽ ഏർപ്പെടുകയുമില്ല. ഒരു വർഷക്കാലം ദേവിയെ ആരാധിക്കുന്നതിന്റെ ഫലം ഒരു തവണത്തെ ദേവീ മാഹാത്മ്യ പാരായണം കൊണ്ട് ലഭിക്കും .

ദേവീ മാഹാത്മ്യം കയ്യിലുണ്ടായിരുന്നതു കൊണ്ട് യക്ഷിയുടെ പീഡനത്തിൽ നിന്ന് രക്ഷപെട്ട ദേവീഭക്തന്മാരുടെ കഥ സുപ്രസിദ്ധമാണ്. ദേവീമാഹാത്മ്യ പുസ്തകത്തിന്റെ സ്പർശനം തന്നെ ആപത്തുകളെയും ദുരിതങ്ങളെയും ഒഴിവാക്കുന്നു. പണ്ഡിതരും ഭക്തരുമായ ഉദ്ദണ്ഡശാസ്ത്രികളും കാക്കശ്ശേരി ഭട്ടതിരിയും തമ്മിലുള്ള സംഭാഷണത്തിലെ ചോദ്യവും ഉത്തരവും കൂടി ഇവിടെ പരാമർശിക്കട്ടെ.

ചോദ്യം : ആപദി കിം കരണീയം (ആപത്തിൽ എന്താണ് ചെയ്യേണ്ടത് )
ഉത്തരം : സ്മരണീയം ചരണ യുഗളമംബായാ: (ജഗദമ്പയുടെ ഇരു പാദങ്ങളെയും നമസ്‌കരിക്കുക)
ആപത്തു കാലത്ത് ജഗദംബയുടെ സ്മരണ വേണമെന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ.

യാത്രാവേളയിൽ ദേവീമാഹാത്മ്യം ചെറിയ പുസ്തകം കയ്യിൽ കരുതിയാൽ ആപത്തുകളും അപകടങ്ങളും ഉണ്ടാവുകയില്ല തന്നെ. ഭരണി ദിനത്തിന് പ്രാധാന്യമുള്ള രണ്ടു സുപ്രസിദ്ധ ക്ഷേത്രങ്ങളാണ് കൊടുങ്ങല്ലൂരും മാവേലിക്കരയുള്ള ചെട്ടികുളങ്ങരയും. ഭൂരിഭാഗം ദേവീ ക്ഷേത്രങ്ങളിലും ഈ ദിവസം വളരെ പ്രാധാന്യമുണ്ട്. ദേവീ സ്തുതികൾ കൊണ്ട് മുഖരിതമാകുന്ന ക്ഷേത്രാങ്കണങ്ങളും പരിസരസരങ്ങളും ദീപാലങ്കാരങ്ങൾ കൊണ്ട് ശോഭിക്കുന്നത് നയനാന്ദകരമായ കാഴ്ചയാണ്. പലരൂപങ്ങളിലുള്ള കോലങ്ങൾ ആഘോഷ സമേതം ക്ഷേത്ര നടയിലേക്ക് ആനയിക്കുന്ന പതിവുമുണ്ട്.

ഓരോ ദേശത്തിലും വസിക്കുന്നവർ നാടിന്റെ അമ്മയായ ജഗദംബയേ ഭക്തി പുരസ്സരം ആദരിക്കുന്നു. 24-ാം തീയതിയിൽ ഭരണി നാളിൽ ദേവീ ക്ഷേത്ര ദർശനത്തിനും ദേവിയുടെ അനുഗ്രഹത്തിനും എല്ലാവർക്കും സാധിക്കണമേയെന്നു പ്രാർത്ഥിച്ചുകൊണ്ട് ഭക്തർക്ക് വേണ്ടി ഈ അക്ഷരപ്പൂക്കൾ ജഗന്മാതാവിനു സമർപ്പിക്കുന്നു.

 

ഈ ലേഖനത്തിന്റെ ഒന്നാം ഭാഗം വായിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://janamtv.com/80661334/

കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാത ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക .ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ശിവപുരാണവുമായി ബന്ധപ്പെട്ട രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .

ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്

Share
Leave a Comment