തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഉറപ്പാക്കാൻ നിലവിലുള്ള സംവിധാനം അപര്യപ്തമെന്ന് വിലയിരുത്തൽ. പുതിയ തസ്തിക സൃഷ്ടിച്ച് സംസ്ഥാന സർക്കാർ. ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് വിഐപി സെക്യൂരിറ്റി എന്ന തസ്തികയാണ് സൃഷ്ടിച്ചത്. തിരുവനന്തപുരം ജില്ല വിട്ട് പോകുമ്പോൾ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി വീഴാൻ ചാവേറുകൾ ശ്രമിക്കുന്നു എന്ന സിപിഎമ്മിന്റെ ആശങ്കയ്ക്ക് പിന്നാലെയാണ് പുതിയ തസ്തിക. സംസ്ഥാനത്തുടനീളം പിണറായി വിജയന്റെ യാത്രയ്ക്ക് കർശന സുരക്ഷാ ഉറപ്പ് വരുത്തുന്നതിനായാണ് പുതിയ നിയമനം. ആംഡ് പോലീസ് ബെറ്റാലിയൻ കമാന്റ് ഡി ജയദേവന് പുതിയ ചുമതല നൽകി.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പ്രത്യേക തസ്തിക സൃഷ്ടിക്കുന്നത്. നിലവിൽ വിഐപി സംരക്ഷണം ഇന്റലിജൻസിന്റെ ചുമതലയാണ്. ഇന്റലിജൻസ് എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു വിഐപി സുരക്ഷ കൈകാര്യം ചെയ്തിരുന്നത്.
മുഖ്യമന്ത്രിയ്ക്ക് നേരെയുണ്ടാകുന്ന കരിങ്കൊടി പ്രതിഷേധങ്ങളെ ഭയന്നാണ് പുതിയ നീക്കം എന്നാണ് ലഭിക്കുന്ന സൂചന. സംസ്ഥാനത്ത് മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ശക്തമാണ്. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചാടി വീഴാൻ ചാവേറുകൾ ശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Comments