റാഞ്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ജാർഖണ്ഡിൽ എഞ്ചിനീയർ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിൽ. എഞ്ചിനീയർ വി കെ റാമിനെ കഴിഞ്ഞ ദിവസം രാത്രിയാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാന ഗ്രാമവികസന വകുപ്പിലെ ചില പദ്ധതികളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് റാം പിടിയിലായത്.
റാഞ്ചിയിലെ ഏജൻസിയുടെ ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിന് ശേഷം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) ക്രിമിനൽ വകുപ്പുകൾ പ്രകാരമാണ് റാമിനെ കസ്റ്റഡിയിലെടുത്തത്.
ഫെബ്രുവരി 21 ന് റാഞ്ചി, ജംഷഡ്പൂർ, ജാർഖണ്ഡ്, ബീഹാർ, ഡൽഹി എന്നിവിടങ്ങളിലുൾപ്പടെ തിരച്ചിൽ നടത്തിയതിന് ശേഷമാണ് ഏജൻസി ഇയാളെ പിടികൂടുന്നത്. ചോദ്യം ചെയ്യലിൽ മറുപടി നൽകാതെ പ്രതി ഒഴിഞ്ഞുമാറുകയായിരുന്നു. ഇന്ന് പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് ഇഡി പറഞ്ഞു.
വിവിധ സ്ഥലങ്ങളിൽ നിന്ന് ചില ആഡംബര കാറുകളും എസ്‌യുവികളും പിടിച്ചെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സർക്കാർ ജോലി അനുവദിച്ചതിന് പകരം ചിലർ കമ്മീഷൻ നൽകുന്നുണ്ടെന്ന സംസ്ഥാന വിജിലൻസ് ബ്യൂറോയുടെ പരാതിയിൽ നിന്നാണ് കള്ളപ്പണം വെളുപ്പിക്കൽ കേസ് ഉണ്ടായത്. ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് അന്വഷണമെന്ന് ഇഡി കൂട്ടിചേർത്തു.
















Comments