ലക്ഷ്യം ആഗോള സമാധാനം; റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ എന്ത് പ്രക്രിയയ്‌ക്കും ഇന്ത്യ തയ്യാർ; പ്രധാനമന്ത്രി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: ലോകത്തെയാകെ ആശങ്കയുടെ മുൾമുനയിൽ നിർത്തി റഷ്യ-യുക്രെയ്ൻ യുദ്ധം ഒരു വർഷം പിന്നിടുകയാണ്. ഒന്നാം വാർഷികത്തിൽ അവശേഷിപ്പിക്കുന്നത് ജീവനഷ്ടമടക്കം മഹാനാശം മാത്രമാണ്. സംഘർഷാവസ്ഥ പരിഹരിക്കുന്നതിനായി വിവിധ ലോകരാജ്യങ്ങളാണ് സമാധാന ചർച്ചകൾക്കും മറ്റുമായി മുന്നോട്ട് വന്നത്.

യുദ്ധം അവസാനിപ്പിച്ച് ആഗോള സമാധാനം വീണ്ടെടുക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പ്രതിസന്ധി പരിഹരിക്കണമെന്ന് രാജ്യം നിർബന്ധം പിടിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. സമാധാനം വീണ്ടെടുക്കുന്നതിനായി എന്ത് പ്രക്രിയയ്‌ക്കും ഭാരതം തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

യുക്രെയ്ൻ പ്രതിസന്ധി, വ്യാപാരം, നിക്ഷേപം, കാലാവസ്ഥ വ്യതിയാനം തുടങ്ങി നിരവധി വിഷയങ്ങൾ ഷോൾസിന്റെ ദ്വിദിന സന്ദർശനത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം. കൊറോണ മഹാമാരിയും യുക്രെയ്ൻ പ്രതിസന്ധിയും വികസ്വര രാജ്യങ്ങളെ പ്രതികൂലമായാണ് ബാധിച്ചതെന്ന് നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യണമെങ്കിൽ സംയുക്ത പരിശ്രമമാണ് പ്രതിവിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യം ഏറെ അഭിമാനകരമായ ജി20 അദ്ധ്യക്ഷ പദവി അലങ്കരിക്കുന്ന അവസരത്തിൽ ലോകത്തിൽ തന്നെ ബൃഹത്തായ മാറ്റങ്ങൾ സൃഷ്ടിക്കാൻ രാജ്യത്തിന് കഴിയുമെന്ന ആത്മവിശ്വാസവും ഷോൾസ് പ്രകടിപ്പിച്ചു. വലിയ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലാണ് പദവിയേറ്റെടുത്തത്, എന്നാൽ മികച്ച രീതിയിൽ ആഗോള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്ന് വിശ്വാസമുണ്ട്- ഷോൾസ് പറഞ്ഞു.

Share
Published by
ജനം വെബ്‌ഡെസ്ക്