പെരുമ്പിലാവ്: ഒളരിക്കര ക്ഷേത്രത്തിന്റെ ആനയായ കാളിദാസൻ ചരിഞ്ഞു. 37 വയസ്സുള്ള കാളിദാസൻ ഞായറാഴ്ച കടവല്ലൂരിലെ കെട്ടുതറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം. രണ്ട് ദിവസമായി ആന തീറ്റയെടുത്തിരുന്നില്ല. നീരിലായിരുന്ന കാളിദാസനെ കഴിഞ്ഞദിവസമാണ് അഴിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെ കാളിദാസൻ ചരിയുകയായിരുന്നു.
ഉത്സവ കേരളത്തിനെ കണ്ണീരിലാഴ്ത്തിയാണ് ഒളരിക്കര കാളിദാസൻ യാത്ര. ക്ഷേത്രോത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു കാളിദാസൻ. വികൃതിയുണ്ടെങ്കിലും അതുപോലെ തന്നെ വലിയ ആരാധകരുമുണ്ടായിരുന്നു കാളിദാസന്.
നിലത്തിഴയുന്ന തുമ്പിയും വിരിഞ്ഞ മസ്തകവും വിടർന്ന ചെവികളും എടുത്തുയർത്തിയ കൊമ്പുകളും കാളിദാസനെ കൊമ്പന്മാരിൽ പ്രമുഖനാക്കി. ജൂനിയർ ശിവസുന്ദർ എന്ന വിശേഷണവും കാളിദാസനുണ്ട്. ഇടയ്ക്കിടെ കുറുമ്പുകാട്ടിയിട്ടുണ്ടെങ്കിലും കൊമ്പന്റെ ചങ്കുറപ്പായി കണ്ട് ആനകേരളം ഇതിനെയും ആരാധിച്ചിരുന്നു. 2020ൽ ഉത്സവത്തിനിടെ ഇടഞ്ഞ് പാപ്പാനെ ആക്രമിക്കാൻ ശ്രമിച്ചതാണ് ഏറെ ചർച്ചയായ വാർത്ത. ആനക്ക് പീഡനമേറ്റിട്ടുണ്ടെന്നും ആനപ്രേമികൾക്കിടയിൽ നിന്നും ആരോപണം ഉയരുന്നുണ്ട്.
Comments