കൂത്താട്ടുകുളം: ടൂറിസം മന്ത്രി മുഹമ്മദ് റിയാസും അനൂപ് ജേക്കബും കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കയറി എന്ന് ആരോപണം. ആയിരം വര്ഷം പഴക്കമുള്ള മഹാക്ഷേത്രത്തിലെ ആചാരങ്ങളെ അവഹേളിച്ച മന്ത്രിക്കും എംഎൽഎയ്‌ക്കുമെതിരെ പ്രതിഷേധം പുകയുന്നു. ഭഗവാൻ ശ്രീ പരമേശ്വരന്റെ മധ്യ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്. വൈക്കത്തിനും ഏറ്റുമാനൂരിനുമൊപ്പം പ്രാധാന്യം ഈ മഹാക്ഷേത്രത്തിനു കല്പിക്കപ്പെട്ടിരുന്നു. പാർവ്വതി- ഗണപതി- സുബ്രഹ്മണ്യ സമേതനായുള്ള പരമശിവന്റെ അപൂർവ്വം സ്വയംഭൂ പ്രതിഷ്ഠയാണ് ഇവിടെ.
ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്ര നിർമ്മാണം തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ക്ഷേത്രത്തിന്റെ പേരിൽ നിന്നാണ് കൂത്താട്ടുകുളത്തിന്റെ സ്ഥലനാമമുണ്ടായതെന്നാണ് ഐതിഹ്യം. നിരവധി കൊത്തുപണികളും ചുവർ ചിത്രങ്ങളും നിറഞ്ഞതാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന്റെ ബലിക്കൽ പുരയുടെ മുകളിൽ രാമായണം പൂർണ്ണമായും ശില്പ രൂപത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. ശിൽപ്പ ഭംഗിയുമുള്ള ക്ഷേത്രം പക്ഷെ കാലപ്പഴക്കം മൂലവും ക്ഷേത്ര നടത്തിപ്പുകാരുടെ താത്പര്യക്കുറവും മൂലം ജീർണ്ണാവസ്ഥയിലായിരുന്നു. പിന്നീട് ഇതിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തു.
ദേവസ്വം ബോർഡ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണം പ്രഖ്യാപിക്കാനാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇവിടെ എത്തിയതെന്ന് പറയപ്പെടുന്നു. ക്ഷേത്രപുനരുദ്ധാരണത്തിനായി അഞ്ചു കോടി രൂപ അനുവദിച്ചെന്നും നടപ്പിലാക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സെസൈറ്റിയെ ഏൽപ്പിച്ചെന്നും പറയുന്നു. ക്ഷേത്രങ്ങളെ ടൂറിസ്റ്റു കേന്ദ്രങ്ങളാക്കി പരിവർത്തിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്നും ആരോപണമുണ്ട്. പുരുഷന്മാർ ഷർട്ട് അഴിച്ച് മാത്രം ക്ഷേത്ര ദർശനം നടത്തുക എന്നതാണ് ഇവിടുത്തെ ആചാരം. തന്റെ പരിവാരങ്ങളുമായി എത്തിയ മുഹമ്മദ് റിയാസിനൊപ്പം സ്ഥലത്തെ എംഎൽഎ അനൂപ് ജേക്കബും കൂടി ചേരുകയായിരുന്നു. ഷർട്ട് ധരിച്ചു കയറിക്കൂടാത്ത ബലിക്കൽപ്പുരയിലും മറ്റും നിൽക്കുന്ന ഫോട്ടോകൾ മുഹമ്മദ് റിയാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
മന്ത്രി മുഹമ്മദ് റിയാസിനൊപ്പം എംഎൽഎ അനൂപ് ജേക്കബ്, നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, സിപിഎം ഏരിയ കമ്മിറ്റീ സെക്രട്ടറി പിബി രതീഷ്, നഗര സഭ കൗൺസിൽ മെമ്പേഴ്‌സ്, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ക്ഷേത്രാചാര ലംഘനം നടത്തിയ മുഹമ്മദ് റിയാസിനും അനൂപ് ജേക്കബിനും എതിരെ കടുത്ത പ്രതിഷേധം പുകയുകയാണ്. ക്ഷേത്രത്തിന്റെ ജീർണ്ണാവസ്ഥ മുതലെടുത്ത് ആചാര ലംഘനം നടത്തുന്നത് വെച്ച് പൊറുപ്പിക്കാനാവില്ല എന്ന നിലപാടിലാണ് ഭക്തർ.
Comments