ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെ നിയമിക്കാൻ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി. ഇതിനായി പ്രധാനമന്ത്രിയും ലോക്സഭ പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ഉൾപ്പെട്ട കൊളീജിയത്തിന് രൂപം നൽകാൻ സുപ്രീം കോടതി നിർദ്ദേശിച്ചു.
ലോക്സഭയിൽ പ്രതിപക്ഷ നേതാവ് ഇല്ലാത്ത സാഹചര്യം വന്നാൽ, ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പ്രതിപക്ഷ പാർട്ടിയുടെ നേതാവായിരിക്കും പ്രതിനിധിയെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി. കമ്മീഷന്റെ നിയമനത്തിന് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതുവരെയാകും ഈ രീതി നിലനിൽക്കുക.
സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ കേന്ദ്രം നിർദ്ദേശിക്കുന്ന ഉദ്യോഗസ്ഥനെ രാഷ്ട്രപതി നിയമിക്കുന്ന രീതിയാണ് നിലനിന്നിരുന്നത്. ഇതിനാണ് സുപ്രീംകോടതി മാറ്റംകൊണ്ടുവന്നിരിക്കുന്നത്. എന്നാൽ ഇനി മുതൽ മേൽപ്പറഞ്ഞ കൊളീജിയം നിർദ്ദേശിക്കുന്ന വ്യക്തിയെയാകും രാഷ്ട്രപതി നിയമിക്കുക.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നീക്കം ചെയ്യുന്നതിന് ഇംപീച്ച്മെന്റ് നടപടിയാണ് നിലവിലുള്ളത്. എന്നാൽ ഇത് തിരഞ്ഞെടുപ്പ് കമ്മീഷണരുടെ കാര്യത്തിലും ബാധകമാകും. ഇനി നിർമ്മിക്കുന്ന നിയമത്തിൽ കമ്മീഷന് പ്രത്യേക ബജറ്റ്, സെക്രട്ടറിയേറ്റ്, ചട്ടങ്ങൾ എന്നിവ ഉണ്ടാകണമെന്നും ഭരണഘടന ബെഞ്ച് നിർദ്ദേശിച്ചു.
നിരവധി സർക്കാരുകൾ അധികാരത്തിൽ വന്നിട്ടും തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാൻ ക്രിയാത്മകമായ നിയമം കൊണ്ടുവന്നിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
Comments