തിരുവനന്തപുരം: ത്രിപുരയിലെ പരാജയത്തിൽ വലിയ ന്യായീകരണങ്ങളായിരുന്നു കേരളത്തിലെ സിപിഎം നേതാക്കൾ നടത്തിയത്. ത്രിപുരയിലേത് ബിജെപിയുടെ വിജയമല്ലെന്നു പോലും വ്യാഖ്യാനിച്ചു. എന്നാൽ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിജയം സൂചിപ്പിക്കുന്നത് കേരളത്തിലും ബിജെപിക്ക് അധികാരത്തിലെത്താൻ പ്രയാസമില്ലെന്നു തന്നെയാണ്. മൂന്ന് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കിയിരുന്നു. കോൺഗ്രസിനെയും കമ്യൂണിസ്റ്റു പാർട്ടിയേയും ജനങ്ങൾ തിരിച്ചറിയുമെന്നും കേരളത്തിലും ബിജെപി അധികാരത്തിൽ എത്തുമെന്ന് വിശ്വാസമുണ്ടെന്നും മോദി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ വലിയ വെപ്രാളത്തിലാണ് കേരളത്തിലെ സിപിഎം നേതൃത്വവും സർക്കാരും. കേരളത്തിൽ ബിജെപി വരില്ലെന്നും മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനുള്ളതെന്നുമാണ് ന്യൂനപക്ഷങ്ങളെ ഉയർത്തിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം.
കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണ്. ന്യൂനപക്ഷങ്ങൾ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിനു കാരണക്കാർ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് ഈ നാട്ടുകാർ. സംഘപരിവാറിൽ നിന്ന് കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് ബിജെപി അനുകൂല നിലപാടിലെത്താനാവില്ല. ചില താൽക്കാലിക ലാഭങ്ങൾക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകൾ ന്യൂനപക്ഷത്തിന്റെ പൊതുസ്വഭാവമാണെന്ന് കരുതുന്നത് ഭീമാബദ്ധമാണ്. വർഗീയ ശക്തികൾക്ക് കേരളത്തിന്റെ മണ്ണിൽ സ്ഥാനമുണ്ടാകില്ലെന്ന് ഈ നാട് എക്കാലത്തും വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനുള്ളത് എന്ന് പിണറായി വിജയൻ ഫേയ്സ്ബുക്കിൽ കുറിച്ചു.
ഈ നാട് രൂപപ്പെട്ടുവന്ന ചരിത്രത്തെപ്പറ്റിയും ഇവിടത്തെ സെക്കുലർ ഫാബ്രിക്കിനെപ്പറ്റിയും അറിയുന്നവരാരും ഈ പ്രസ്താവനയെ പിന്തുണക്കില്ല. വർഗ്ഗീയതയ്‌ക്കും മതവിദ്വേഷ രാഷ്‌ട്രീയത്തിനും കേരളത്തിന്റെ മണ്ണിൽ സ്ഥാനമില്ലെന്ന് പലവട്ടം സംഘപരിവാറിനെ ഓർമ്മിപ്പിച്ചവരാണ് മലയാളികൾ. ആർഎസ്എസിന്റെ തീവ്ര വലതുപക്ഷ പ്രതിലോമ രാഷ്‌ട്രീയത്തിന് കേരളമൊരു ബാലികേറാമലയായി തുടരും. മറിച്ചു സംഭവിക്കണമെങ്കിൽ മതനിരപേക്ഷ കേരളം മരിക്കണം. ഇടതുപക്ഷമുള്ളിടത്തോളം മതനിരപേക്ഷ കേരളത്തിന് മരണമില്ല എന്ന് മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞു.
















Comments