തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ചുടുകട്ടകൾ ഡിവൈഎഫ്‌ഐ ശേഖരിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. ചുടുകട്ടകൾ ശേഖരിക്കാൻ പ്രത്യേകം വോളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ടെന്നും കല്ലുകൾ ഒന്നിച്ച് കോർപ്പറേഷൻ തയ്യാറാക്കിയിരിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റുമെന്നും മേയർ പറഞ്ഞു. ഡിവൈഎഫ്‌ഐയുടെ ഭാഗമായി പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.
ലൈഫ് പദ്ധതിയ്‌ക്കായി തിരുവനന്തപുരം നഗരസഭ ചുടുകട്ട ശേഖരിക്കുമെന്ന് മേയർ നേരത്തെ വ്യക്തമാക്കിയിരുന്നു. ആരെങ്കിലും അനധികൃതമായി ചുടുകട്ടകൾ ശേഖരിച്ചാൽ പിഴ ഈടാക്കുമെന്നും മേയർ അറിയിച്ചിരുന്നു.
ചുടുകല്ലെടുത്താൽ പിഴ ഈടാക്കുമെന്ന മേയറിന്റെ പരാമർശം വിവാദമായിരുന്നു. പിന്നാലെ കോർപ്പറേഷൻ വിശദീകരണവുമായി രംഗത്തുവന്നു. കൊണ്ടുവന്ന സാധനങ്ങൾ മടക്കിക്കൊണ്ടുപോകാൻ ഭക്തർക്ക് അവകാശമുണ്ടെന്നും അത് ആരും തടയില്ലെന്നും നഗരസഭ വ്യക്തമാക്കി. എന്നാൽ ഉപേക്ഷിക്കുന്ന ചുടുകല്ല് ഉൾപ്പെടെയുള്ള വസ്തുവകകൾ ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള ചുമതലയും അധികാരവും നഗരസഭയ്‌ക്ക് മാത്രമാണെന്നും നഗരസഭ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
Comments