തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽ യുപിഐ സംവിധാനം സാധ്യമാക്കുന്നതിനായി കേരളത്തിൽ സി പേയ് (C Pay) എന്ന പേരിൽ മൊബൈൽ ആപ്പ് വരുന്നു. ദിനേശ് ഐ.ടി. സിസ്റ്റംസ് ആണ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. എംഎൽഎ കെ.വി സുമേഷ് അദ്ധ്യക്ഷനായ ചടങ്ങിൽ മന്ത്രി വി.എൻ വാസവൻ C-Payയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
കേരളത്തിലെ മുഴുവൻ സഹകരണ ബാങ്ക്, സൊസൈറ്റികളിലും ഉപയോഗപ്പെടുത്താവുന്ന ആധുനിക ഡിജിറ്റൽ പണമിടപാടു സംവിധാനമാണ് C -Pay. ഇടപാടുകാർക്ക് അവരുടെ സഹകരണ ബാങ്ക് അക്കൗണ്ടിലുള്ള പണം ഇന്ത്യയിലെവിടേയും ഇരുന്ന് ഉപയോഗിക്കാൻ ഇതോടെ സാധിക്കുന്നതാണ്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകൾക്ക് വേണ്ടി യുപിഐ സംവിധാനം നേരത്തെ ആരംഭിച്ചെങ്കിലും കേരളത്തിൽ ഇത് നടപ്പിലായിരുന്നില്ല. തുടർന്ന് പുതിയ തലമുറയെ സഹകരണ ബാങ്കുകളിലേക്ക് ആകർഷിക്കാനും പണമിടപാടുകൾ സൗകര്യപ്രദമാക്കാനും സി-പേയ് സംവിധാനത്തിന് തുടക്കമിട്ടിരിക്കുകയാണ്.
ഗൂഗിൾ പേ, ഫോൺ പേ, പേയ്ടിഎം തുടങ്ങിയ യുപിഐ ആപ്പുകൾക്ക് സമാനമായ സംവിധാനമാണ് സി-പേയ്. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് പണമയക്കാനും ഇതിലൂടെ സാധിക്കും. സാധാരണക്കാർക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന വിധമാണ് ഇതിന്റെ പ്രവർത്തനമെന്ന് ആപ്പ് നിർമാതാക്കൾ അറിയിച്ചു.
Comments